veena
ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജുമായി മാത്യു കുഴൽനാടൻ എം.എൽ.എ ചർച്ച നടത്തുന്നു

മൂവാറ്റുപുഴ: താലൂക്ക് ഹോമിയോ ആശുപത്രി നവീകരിച്ച് കൂടുതൽ മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങൾ ഒരുക്കുമെന്ന് ഡോ. മാത്യു കുഴൽ നാടൻ എം.എൽ.എ പറഞ്ഞു.ആശുപത്രി നവീകരണം സംബന്ധിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം.പുതിയ കെട്ടിടങ്ങൾ നിർമ്മിക്കുന്നതടക്കമുള്ള കാര്യങ്ങളിൽ പരിഗണ നൽകാമെന്ന് മന്ത്രി ഉറപ്പ് നൽകിയതായും സീതാലയം പ്രൊജക്ട് പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുമെന്നും എം.എൽ.എ പറഞ്ഞു. സംസ്ഥാനത്തെ ഏറ്റവും മികച്ച വന്ധ്യത നവീകരണ ക്ലിനിക്കായിരുന്ന ജനനിയുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കും. ഇപ്പോൾ ആഴ്ചയിൽ ഒരിക്കൽ മാത്രമാണ് ജനനിയുടെ പ്രവർത്തനം. അന്യ ജില്ലകളിൽ നിന്നു പോലും നിരവധി പേർ വന്ധ്യതാ ചികിത്സക്കായി ഇവിടെ എത്തിയിരുന്നു. അഞ്ഞൂറിലധികം കുടുംബങ്ങളിലെ കുട്ടികളെന്ന സ്വപ്നം സാക്ഷാത്കരിച്ച മൂവാറ്റുപുഴയിലെ ജനനി മുഴുവൻ സമയ ക്ലിനിക്കായി ഉയർത്തുന്ന കാര്യം പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പ് നൽകിയെന്ന് എം.എൽ.എ അറിയിച്ചു. വെള്ളപ്പൊക്കഭീഷണിയില്ലാത്ത സ്ഥലത്ത്പുതിയ കെട്ടിടങ്ങൾ നിർമ്മിക്കുവാൻ നഗരസഭയുമായി ആലോചിച്ച് നടപടി സ്വീകരിക്കും. ഇതിനായി പുതിയ പ്രൊജക്റ്റ് തയ്യാറാക്കുമെന്നും എം.എൽ.എ പറഞ്ഞു.