കൊച്ചി: സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട് ഗവർണർ നടത്തിയ ഉപവാസം നിയമസഭ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെ. ബാബു എം.എൽ.എ നിയമസഭാ സെക്രട്ടറിക്ക് നോട്ടീസ് നൽകി. സംസ്ഥാന ഭരണത്തലവനായ ഗവർണർ സ്ത്രീസുരക്ഷയ്ക്കായി രാജ്ഭവനിൽ ഒരു പകൽ നീണ്ടുനിന്ന ഉപവാസസമരം നടത്തേണ്ടിവന്നത് അത്യന്തം ഗൗരവമുള്ള വിഷയമാണ്. ഇതുസംബന്ധിച്ച് ചട്ടം 58 പ്രകാരം ചർച്ച നടത്തുന്നതിന് അനുമതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടാണ് കോൺഗ്രസ് നിയമസഭാകക്ഷി ഉപനേതാവായ കെ. ബാബു നോട്ടീസ് നൽകിയത്.