കൊച്ചി: കാൽനടയാത്രക്കാർക്ക് തലവേദനയായി നഗരത്തിലെ തെരുവുകച്ചവടം. കൊച്ചി സ്മാർട്ട് സിറ്റി മിഷൻ ലിമിറ്റഡ് (സി.എസ്.എം.എൽ) പുനരുദ്ധരിക്കുന്ന റോഡുകളുടെ നടപ്പാതകൾ തെരുവുകച്ചവടക്കാരും വാഹനപ്പാർക്കിംഗുകാരും കൈയടക്കി. അടുത്ത് നിർമ്മാണം പൂർത്തിയാക്കിയ എബ്രഹാം മാടമ്മാക്കൽ റോഡിന്റെ നടപ്പാതയുടെ മിക്കവാറും ഭാഗം തെരുവുകച്ചവടക്കാർ കൈയടക്കിക്കഴിഞ്ഞു. നിർമ്മാണം പുരോഗമിക്കുന്ന ഹൈക്കോടതി ജംഗ്ഷനിൽ നിന്ന് ഗോശ്രീപാലത്തിലേക്കുള്ള റോഡിൽ പണിതീരുന്ന ഭാഗം കച്ചവടക്കാർ പിടിച്ചടക്കുകയാണ്. ഇപ്പോൾ തന്നെ മുപ്പതോളം കച്ചവടക്കാർ ഇവിടെ വ്യാപാരം നടത്തുന്നു. ഭംഗിയായി ടൈലുകളിട്ടിടത്തേക്ക് വാഹനങ്ങൾ കയറ്റിയും പൈപ്പുകൾ നാട്ടിയുംവരെ കച്ചവടം പൊടിപാെടിക്കുകയാണ്.
കൂടാതെ ജനറൽ ആശുപത്രി ജംഗ്ഷൻ, വുഡ്ലാന്റ് ജംഗ്ഷൻ, നഗരത്തിലെ വിവിധ ഇടറോഡുകൾ എന്നിവിടങ്ങളിലെ അനധികൃത പാർക്കിംഗും കാൽനടയാത്രക്കാരെ വലയ്ക്കുകയാണ്. നഗരത്തിൽ 2916 തെരുവു കച്ചവടക്കാർ ഉണ്ടെന്നാണ് നഗരസഭയുടെ കണ്ടെത്തൽ. നഗരത്തിലെ ഗതാഗത കുരുക്കും കാൽനടയാത്രക്കാരുടെ സുഗമമായ സഞ്ചാരത്തിനും ഇവരെ ഇവിടെ നിന്നും മാറ്റുകയല്ലാതെ മറ്റു പോംവഴിയില്ല. സ്മാർട്ട് മിഷൻ ലിമിറ്റഡ് റോഡുകളുടെ നിർമ്മാണം പൂർത്തിയാക്കി വരുന്നതിനു അനുസരിച്ച് തെരുവുകച്ചവക്കാർ നടപ്പാതകൾ കൈയ്യേറി വരുകയാണ്. ലോക്ക്ഡൗണിൽ വാഹനങ്ങൾ കുറവായതുകൊണ്ടാണ് വലിയ അപകടങ്ങൾ ഒന്നും ഉണ്ടാകാത്തത്.
റോഡ് വികസനം
കൊച്ചി സ്മാർട്ട് സിറ്റി മിഷൻ ലിമിറ്റഡിന്റെ (സി.എസ്.എം.എൽ) നേതൃത്വത്തിൽ നഗര കേന്ദ്രത്തിലെ പ്രധാന അഞ്ചു റോഡുകളുടെ നിർമ്മാണമാണ് നടത്തുന്നത്. രണ്ടു വർഷം മുൻപ് ആരംഭിച്ച പദ്ധതി മാർച്ചിൽ പൂർത്തിയാക്കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും കൊവിഡും ലോക്ക്ഡൗണും മൂലം പ്രവർത്തനം ഇഴയുകയായിരുന്നു. ഇപ്പോൾ സെപ്തംബറോടെ പൂർത്തിയാക്കാനാണ് തീരുമാനം.
നിർമ്മിക്കുന്ന പ്രധാന റോഡുകൾ
എബ്രഹാം മാടമ്മാക്കൽ റോഡ്, ഷണ്മുഖം റോഡ്, പാർക്ക് അവന്യൂ റോഡ്, ഡി.എച്ച് റോഡ്, ബാനർജി റോഡ് എന്നീ പ്രധാന റോഡുകളും ഒപ്പം ചിന്മയ ചിറ്റൂർ റോഡുമാണ് നിർമ്മിക്കുന്നത്. 61.53 കോടി രൂപ ചെലവിൽ 5.43 കിലോ മീറ്റർ റോഡുകളാണ് നവീകരിക്കുന്നത്.
സർവേ നടക്കുന്നു
നഗരത്തിലെ തെരുവ് കച്ചവടക്കാരുടെ വിവരങ്ങൾ ശേഖരിക്കുന്നതിനായി സർവേ നടത്തി വരുകയാണ്. ഇവരുടെ വിവരങ്ങൾ ശേഖരിച്ച ശേഷം വെന്റിംഗ് കമ്മിറ്റി ഇവർക്ക് ഐ.ഡി കാർഡുകൾ നൽകും. തുടർന്ന് ഇവർക്കു കച്ചവടം ചെയ്യുന്നതിനുള്ള സ്ഥലം കണ്ടെത്തി നൽകും.
അഡ്വ.എം.അനിൽ കുമാർ
മേയർ