wood

കൊച്ചി: പട്ടയഭൂമിയിൽനിന്ന് മരംമുറിക്കാൻ അനുമതി നൽകിയ ഉത്തരവിനുപിന്നിൽ വൻ ക്രമക്കേടുണ്ടെന്നും ഇതേക്കുറിച്ച് കോടതിയുടെ മേൽനോട്ടത്തിൽ സി.ബി.ഐ അന്വേഷിക്കാൻ ഉത്തരവിടണമെന്നും ആവശ്യപ്പെട്ട് തൃശൂരിലെ പൊതുപ്രവർത്തകൻ ജോർജ് വട്ടുകുളം ഹൈക്കോടതിയിൽ ഹർജി നൽകി. അതേസമയം, പട്ടയഭൂമിയിൽനിന്ന് മരംമുറിച്ചതിന്റെ പേരിൽ കർഷകർക്കെതിരെ വനം, റവന്യു വകുപ്പുകൾ നടപടിയെടുക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് മൂന്നാറിലെ അതിജീവന പോരാട്ടവേദിയും ഹൈക്കോടതിയെ സമീപിച്ചു.

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തപ്പോഴാണ് വിവാദ ഉത്തരവ് ഇറക്കിയതെന്നും അനുമതി പിൻവലിച്ച ഉത്തരവിൽ തീയതി രേഖപ്പെടുത്തിയിട്ടില്ലെന്നും ജോർജ് വട്ടുകുളം നൽകിയ ഹർജിയിൽ ആരോപിക്കുന്നു. ഉത്തരവ് പിൻവലിച്ചത് കണ്ണിൽ പൊടിയിടലാണ്.

പട്ടയഭൂമിയിൽനിന്ന് മരംമുറിച്ചതിന് സ്ഥലഉടമകൾക്കെതിരെ നടപടി പാടില്ലെന്നാണ് അതിജീവന പോരാട്ടവേദി നൽകിയ ഹർജിയിലെ ആവശ്യം. കർഷകരടക്കമുള്ള ഇവർക്കെതിരെ നടപടിയെടുക്കണമെന്ന വനം, റവന്യു വകുപ്പുകളുടെ ഉത്തരവ് റദ്ദാക്കണം. പട്ടയഭൂമിയിൽ തേക്ക്, ഇൗട്ടി, ചന്ദനമരം തുടങ്ങിയവ വച്ചുപിടിപ്പിക്കാനും വെട്ടിയെടുക്കാനും പട്ടയഉടമകൾക്ക് അനുമതി നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.