ആലുവ: ആലുവ നഗരസഭ 2021 - 22 സാമ്പത്തിക വർഷത്തെ ബഡ്ജറ്റ് അവതരിപ്പിച്ചില്ലെന്ന് പ്രചരിപ്പിക്കുന്നത് അജ്ഞതകൊണ്ടാണെന്നും അല്ലെങ്കിൽ ബോധപൂർവം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണെന്നും ചെയർമാൻ എം.ഒ. ജോൺ പറഞ്ഞു. ബഡ്ജറ്റ് ഇല്ലാതെ ഒരു ദിവസംപോലും നിയമപരമായി മുന്നോട്ട് പോകാനാകില്ല. 2021 മാർച്ച് രണ്ടിന് ബഡ്ജറ്റ് അവതരണത്തിന് നോട്ടീസ് നൽകിയെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാൽ ബഡ്ജറ്റ് എസ്റ്റിമേറ്റ് ഐക്യകണ്ഠ്യേന പാസാക്കുകയായിരുന്നു. പരമ്പരാഗതമായി ബഡ്ജറ്റ് എസ്റ്റിമേറ്റ് പ്രിന്റുചെയ്ത് നൽകി ഉൾപ്പെടുത്തുന്ന പദ്ധതികൾ വിശദീകരിക്കുകയും ചെയ്യാറുണ്ട്. പൊതുപെരുമാറ്റച്ചട്ടം ബാധകമായതിനാൽ ഈ രീതിയിലുള്ള അവതരണം ഉണ്ടായില്ല. അതിനാൽ ബഡ്ജറ്റ് അവതരിപ്പിച്ചില്ലെന്ന് ആരെങ്കിലും ധരിച്ചുവെങ്കിൽ അത് ശരിയല്ല.
ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി സമ്പൂർണമായ ബഡ്ജറ്റ് അംഗീകരിച്ച് കൗൺസിലിലേയ്ക്ക് ശുപാർശ ചെയ്തിരുന്നിട്ടും ബഡ്ജറ്റ് ഇല്ലാതെയാണ് നഗരസഭ ഭരണം തുടരുന്നതെന്ന് പറയുന്നത് മൗഢ്യമാണ്. ബഡ്ജറ്റിൽ ഉൾക്കൊള്ളിച്ചിട്ടുള്ള പദ്ധതികൾ കൗൺസിലിൽ പ്രഖ്യാപിക്കണമെന്നുണ്ടെങ്കിലും കൊവിഡ് വിലക്ക് മൂലം നടന്നിട്ടില്ല. മാർച്ച് രണ്ടിന് പാസാക്കിയിട്ടുള്ള ബഡ്ജറ്റിന്റെ വിശദീകരണം വിലക്ക് ഇനിയും തുടരുകയാണെങ്കിൽ ഓൺലൈൻ മുഖേന നൽകുമെന്നും ചെയർമാൻ അറിയിച്ചു.
'എൻജിനിയറിംഗ് വിഭാഗം'
വാഹനത്തിലെ ബോർഡ് നീക്കി
ഒന്നരവർഷം മുമ്പ് മുൻ ആലുവ നഗരസഭ ഭരണസമിതി എൻജിനിയറിംഗ് വിഭാഗത്തിനായി വാങ്ങിയ കാറിന്റെ മുമ്പിൽ സ്ഥാപിച്ചിരുന്ന ബോർഡ് നീക്കി. കൗൺസിൽ തീരുമാനത്തെ തുടർന്നാണ് നടപടി. എൻജിനിയറിംഗ് വിഭാഗത്തിനായി പ്രത്യേക പദ്ധതി തയ്യാറാക്കിയാണ് വാഹനം വാങ്ങിയത്. അക്കാലത്ത്ചിലർ ഇതിനെതിരെ രംഗത്ത് വന്നെങ്കിലും നടന്നില്ല. പുതിയ കൗൺസിൽ വന്നശേഷം ബോർഡ് നീക്കണമെന്ന് ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടെങ്കിലും കൗൺസിൽ തീരുമാനിക്കണമെന്ന് സെക്രട്ടറി നിലപാടെടുത്തു. മാത്രമല്ല എൻജിനിയറിംഗ് വിഭാഗം വിയോജിപ്പും രേഖപ്പെടുത്തി. തുടർന്നാണ് കൗൺസിലിൽ അജണ്ടയായി ഉൾപ്പെടുത്തിയത്.