കോലഞ്ചേരി: എം.എൽ.എയെ കരുവാക്കി പരാജയജാള്യം മറയ്ക്കാനുള്ള ട്വന്റി 20 നീക്കത്തിനെതിരെ എൽ.ഡി.എഫ് പ്രത്യക്ഷ സമരത്തിലേക്ക്. അഡ്വ.പി.വി. ശ്രീനിജിനെ അപകീർത്തിപ്പെടുന്ന ട്വന്റി 20യുടെയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെയും നിലപാടുകൾക്കെതിരെ എൽ.ഡി.എഫ് നേതൃത്വത്തിൽ 23ന് കുന്നത്തുനാട് മണ്ഡലത്തിൽ പ്രതിഷേധ ജ്വാല നടത്തും. വാർഡ് തലത്തിൽ 10 കേന്ദ്രങ്ങളിൽ വീതം കൊവിഡ് നിബന്ധനകൾ പാലിച്ചാണ് പരിപാടി. ഫാക്ടറിയിൽ നിയമാനുസൃതം നടന്ന പരിശോധനകളുടെ പേരിൽ കി​റ്റെക്‌സ് ഉടമ എം. എൽ.എയ്ക്കെതിരായി അപവാദ പ്രചാരവേല നടത്തുകയാണെന്ന് സി.പി.എം ആരോപിക്കുന്നു. ഇതുവഴി സർക്കാരിനെ അപകീർത്തിപ്പെടുത്താനാണ് കി​റ്റെക്‌സ് എം.ഡി പരിശ്രമിച്ചത്. കിറ്റെക്‌സ് ഗ്രൂപ്പ് രൂപീകരിച്ച രാഷ്ട്രീയ പാർട്ടിയായ ട്വന്റി 20ക്ക് നിയമസഭാ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ വിജയിക്കാനാകാത്ത സാഹചര്യത്തിൽ വിജയിച്ച എൽ.ഡി.എഫ് എം.എൽ.എയെ അപകീർത്തിപ്പെടുത്തുന്ന സമീപനം പ്രതിഷേധാർഹമാണ്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കുന്നത്തുനാട് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് നടത്തിയ പരാമർശവും നിലപാടും അദ്ദേഹത്തിന്റെ ഇരട്ടമുഖമാണ് വ്യക്തമാക്കുന്നതെന്നും സി.പി.എം ആരോപി​ക്കുന്നു. സമരപരിപാടി വിജയിപ്പിക്കണമെന്ന് എൽ.ഡി.എഫ് മണ്ഡലം കൺവീനർ സി.കെ. വർഗീസ് അഭ്യർത്ഥിച്ചു.