xxxx
ഫോട്ടോ

തൃപ്പൂണിത്തുറ: കുമ്പളം റെയിൽവേ സ്റ്റേഷനിലെ കഴിഞ്ഞദിവസത്തെ വരുമാനം വെറും 30 രൂപ. കൊവിഡിനെ തുടർന്ന് ഒരു തീവണ്ടി മാത്രമാണ് ഇവിടെ നിറുത്തുന്നത്. അതിന് മുമ്പ് നിത്യേന 300 രൂപയായിരുന്നു വരുമാനം. അന്ന് നാല് ട്രെയിനുകൾ ഇവിടെ നിർത്തി യാത്രക്കാരെ കയറ്റുമായിരുന്നു. ഇപ്പോൾ എറണാകുളം-കൊല്ലം മെമുവിന് മാത്രമാണ് ഇവിടെ സ്റ്റോപ്പുള്ളത്. രാവിലെ കൊല്ലത്തേക്കും വൈകിട്ട് തിരിച്ചുമാണ് സർവീസ്. ഈ വണ്ടിയിൽ ഇന്നലെ കുമ്പളം സ്റ്റേഷനിൽ നിന്നും ഒരാൾമാത്രമാണ് യാത്ര ചെയ്തത്.

കാടുപിടിച്ച വഴിയിലൂടെ കണ്ടൽക്കാടും വെള്ളക്കെട്ടും താണ്ടി വേണം സ്റ്റേഷനിലെത്താൻ. വേലിയേറ്റ സമയത്ത് മുട്ടോളം വെള്ളം ഉയരും. പിന്നെ നീന്തി വേണം ടിക്കറ്റ് കൗണ്ടറിൽ ചെല്ലാൻ. അശാസ്ത്രീയ നിർമ്മിതി മൂലം ട്രാക്കിന്റെ ഭാഗത്ത് നിന്ന് ഓഫീസ് പ്രദേശത്തേക്ക് മഴവെള്ളം ഒഴുകിയെത്തുന്നതും പതിവാണ്. വരുമാനം കുറവായതിനാൽ വെറും ഏഴ് കിലോമീറ്റർ ദൂരമുള്ള എറണാകുളം സ്റ്റേഷനുമായി ബന്ധിപ്പിച്ച് ഇത് അടച്ചുപൂട്ടാൻ ആലോചന നടക്കുന്നതായും സൂചനകളുണ്ട്.