പള്ളുരുത്തി: കായലിൽ നിന്നുള്ള ഓരുവെള്ളം കയറിയതോടെ ഇടക്കൊച്ചിയിലെ ഒരേക്കർ വരുന്ന സ്ഥലത്തെ വൃക്ഷങ്ങൾക്ക് മരണമണി. ഇടക്കൊച്ചി അക്വിനാസ് കോളേജിനു പിറക് വശത്തെ കോൺവന്റിനോട് ചേർന്നുള്ള സ്ഥലമാണിത്. 35 വർഷത്തിനു മുതൽ പഴക്കമുള്ളതാണ് ഇവിടത്തെ ഔഷധ മരങ്ങൾ ഉൾപ്പടെയുള്ളവ. സമീപത്തെ സർക്കാരിന്റെ മീൻ വളർത്തൽകേന്ദ്രവുമായി ബന്ധപ്പെട്ട് പുതിയ കെട്ടിടം നിർമ്മിക്കാൻ ജെ.സി.ബി ഉപയോഗിച്ച് ആഴം കൂട്ടിയതാണ് വിനയായത്. ഇതിനെ തുടർന്ന് കരിങ്കൽ ഭിത്തി തകർന്ന് ഉപ്പ് വെള്ളം കായലിൽ നിന്നും ഇരച്ചു കയറിയതാണ് മരങ്ങൾ ഉണങ്ങാൻ കാരണമെന്ന് സാമൂഹ്യ പ്രവർത്തകൻ അജാമളൻ പറയുന്നു. കരാറുകാരൻ കരിങ്കൽ ഭിത്തി നിർമ്മിച്ചു തരാമെന്ന് ഉറപ്പ് പറഞ്ഞെങ്കിലും അത് നടന്നില്ല.
നിരവധി പരിപാടികൾക്ക് ഈ സ്ഥലം സാക്ഷ്യം വഹിച്ചതായി സിസ്റ്റർ മേരി അഗസ്റ്റിനും അയൽവാസി കെ.എസ്.ജോസഫും പറയുന്നു. സർക്കാർ ചിലവിൽ ഇവിടെ ജോലികൾ നടത്തി ഉണങ്ങിയ മരങ്ങൾ വെട്ടി നീക്കി പുതിയ മരങ്ങൾ വെച്ചുപിടിപ്പിക്കണമെന്നാണ് ഇവരുടെ ആവശ്യം.