വൈപ്പിൻ: കിടപ്പുരോഗികളുടെ സാന്ത്വനത്തിന് കെ.എൻ.ഉണ്ണിക്കൃഷ്ണൻ എം.എൽ.എ ആവിഷ്‌കരിച്ച സ്‌നേഹസ്പർശം പദ്ധതിയുടെ ഭാഗമായി 200പേർക്ക് ഭക്ഷ്യക്കിറ്റ് നൽകി. മുത്തൂറ്റ് ജോർജ് എം ഗ്രൂപ്പിന്റെ സഹകരണത്തോടെ കൺസ്യൂമർഫെഡിൽ നിന്നുള്ള ഉല്പന്നങ്ങളാണ് ഞാറക്കൽ, പള്ളിപ്പുറം ഗ്രാമ പഞ്ചായത്തുകളിലെ നൂറുവീതം കിടപ്പുരോഗികൾക്കു എം.എൽ.എ ലഭ്യമാക്കിയത്.
ഞാറക്കൽ ഗ്രാമപഞ്ചായത്ത് ഓഫീസ് അങ്കണത്തിൽ നടന്ന ചടങ്ങിൽ വിതരണോദ്ഘാടനം കെ.എൻ. ഉണ്ണിക്കൃഷ്ണൻ നിർവഹിച്ചു.മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും 'സ്‌നേഹസ്പർശ'ത്തിന്റെ സാന്ത്വനം എത്തിക്കുമെന്ന് എം.എൽ.എ പറഞ്ഞു. കിടപ്പുരോഗികളുള്ള കുടുംബങ്ങൾക്ക് മഹാമാരിക്കാലത്ത് കൈത്താങ്ങാകുകയാണ് ലക്ഷ്യം. പള്ളിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് രമണി അജയൻ,ഞാറക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.ടി. ഫ്രാൻസിസ്, വൈസ് പ്രസിഡന്റ് മിനി രാജു, മുത്തൂറ്റ് ജോർജ് എം. ഗ്രൂപ്പിന്റെ എറണാകുളം സീനിയർ മാനേജർ എൻ. എ. തോമസ്, എ. പി. പ്രനിൽ എന്നിവർ സംസാരിച്ചു.