ആലുവ: സീപോർട്ട് - എയർപോർട്ട് റോഡ് രണ്ടാംഘട്ടത്തിന്റെ മഹിളാലയം മുതൽ കളമശേരി എച്ച്.എം.ടി. വരെയുള്ള ഭാഗത്തെ സ്ഥലമേറ്റെടുപ്പ് ഒരു വർഷത്തിനകം പൂർത്തിയാക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അൻവർസാദത്ത് എം.എൽ.എ. പറഞ്ഞു. മൂന്നാമതും ജനപ്രതിനിധിയായ ശേഷം ആലുവ മീഡിയ ക്ലബ് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആലുവ കെ.എസ്.ആർ.ടി.സി. ടെർമിനലിന്റെ പൂർത്തിയാക്കൽ ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലമാണ് വൈകുന്നത്. എം.എൽ.എയുടെ ആസ്തി വികസനഫണ്ടിൽനിന്നും 8.64 കോടി രൂപ ഇതിനായി അനുവദിച്ചിട്ടും മെല്ലെപ്പോക്ക് നയമാണ് സ്വീകരിച്ചത്. എങ്കിലും 80 ശതമാനം നിർമാണം പൂർത്തിയാക്കാൻ കഴിഞ്ഞു. ആറുമാസത്തിനകം ടെർമിനൽ തുറന്നുകൊടുക്കാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി ആലുവ പാർക്ക് അടക്കം നവീകരിക്കും. മെട്രോ സൗന്ദര്യവത്കരണം മെട്രോ സ്‌റ്റേഷന്റെ 500 മീറ്റർ ചുറ്റളവിലേക്ക് നീട്ടുവാനുള്ള സർവേ നടന്നുവരുന്നു. ഈ പദ്ധതിയുടെ ഭാഗമായി ആലുവ മെട്രോ സ്‌റ്റേഷനിൽനിന്ന് റെയിൽവേ സ്‌റ്റേഷനിലെ കാൽനടപ്പാലത്തിലേക്ക് നടപ്പാത നിർമിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. മെട്രോ റെയിൽ അങ്കമാലി, നെടുമ്പാശേരി എന്നിവിടങ്ങളിലേക്ക് നീട്ടണം. മണ്ഡലത്തിലെ 13 റോഡുകൾ ബി.എം. ബി.സി. നിലവാരത്തിൽ ടാറിംഗ് ചെയ്യും. ആലുവ - മൂന്നാർറോഡ് വികസനപദ്ധതി നടപ്പിലാക്കിയാൽ ഇതേ റോഡുകളിലെ കൈയേറ്റം പൂർണമായും ഇല്ലാതാകും. ആലുവ നഗരത്തിലെ റോഡ് വികസനത്തിന്റെ പഠനത്തിനായി നാറ്റ്പാകിനെ സമീപിച്ചിട്ടുണ്ട്. യോഗത്തിൽ പ്രസിഡന്റ് ജോസി.പി. ആൻഡ്രൂസ് അധ്യക്ഷത വഹിച്ചു.

മാലിന്യം തള്ളുന്ന മാഫിയക്കെതിരെ നടപടി വേണം: എം.എൽ.എ.

ആലുവ നിയോജകമണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ മാഫിയസംഘം മാലിന്യം തള്ളുകയാണെന്ന് അൻവർസാദത്ത് എം.എൽ.എ. ആരോപിച്ചു. കോട്ടയം മെഡിക്കൽ കോളേജിൽ നിന്നുള്ള മാലിന്യം വരെ ആലുവയിലെ ഒഴിഞ്ഞ സ്ഥലങ്ങളിൽ കൊണ്ടുവന്ന് തള്ളുന്നുണ്ട്. പൊലീസിന്റെയും ഉദ്യോഗസ്ഥരുടെയും ഒത്താശയോടെയാണ് ജില്ല കടന്ന് മാലിന്യമെത്തുന്നത്. മാലിന്യം തള്ളുന്ന പ്രവർത്തനം ക്വട്ടേഷൻ സംഘങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്. ഇത്തരം സംഘങ്ങൾക്കെതിരെ കർശനമായ നടപടി വേണമെന്ന് ആരോഗ്യവകുപ്പ് മന്ത്രിയോട് നേരിട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും എം.എൽ.എ പറഞ്ഞു.