കൊച്ചി : അത്യപൂർവവും അതിസങ്കീർണവുമായ ശസ്ത്രക്രിയയിലൂടെ ലക്ഷദ്വീപ് സ്വദേശിയായ സജ്‌ന സബാഹിന്റെ(22)രണ്ടായി മുറിഞ്ഞ ശ്വാസനാളം എറണാകുളം ലൂർദ് ആശുപത്രിയിലെ ഡോക്‌ടർമാർ തുന്നിച്ചേർത്തു. ആലപ്പുഴയിലെ നാഷണൽ കയർ ട്രെയിനിംഗ് ആൻഡ് ഡിസൈൻ സെന്ററിലെ വിദ്യാർത്ഥിനിയാണ് ഇവർ. പഠനത്തിന്റെ ഭാഗമായ പരിശീലനത്തിനിടെ പ്രവർത്തിച്ചുകൊണ്ടിരുന്ന മെഷീനിൽ ഷാൾ കുടുങ്ങി കഴുത്തിൽ വരിഞ്ഞു മുറുകുകയായിരുന്നു. ശ്വാസംനിലച്ച് ബോധരഹിതയായി വീണ സജ്നയെ ഉടൻതന്നെ ആലപ്പുഴ മെഡിക്കൽ കോളേജിൽ എത്തിച്ചു. മുറിഞ്ഞുപോയ ശ്വാസനാളിയുടെ താഴെഭാഗത്തു ഒരു ദ്വാരം ഉണ്ടാക്കി താൽക്കാലികമായി ശ്വാസോച്ഛ്വാസം നിലനിർത്താനുള്ള അടിയന്തര ശസ്ത്രക്രിയ ചെയ്ത ശേഷം വിദഗ്ദ്ധ ചികിത്സക്കായി ലൂർദ് ആശുപത്രിയിലേക്ക് കൊണ്ടുവരികയായിരുന്നു.
ലൂർദ് ആശുപത്രി മെഡിക്കൽ സൂപ്രണ്ടും സർജറി വിഭാഗം മേധാവിയുമായ ഡോ.സന്തോഷ് ജോൺ എബ്രഹാം, പ്ലാസ്റ്റിക് സർജൻ ഡോ.ചാക്കോ സിറിയക്, വാസ്‌ക്കുലർ സർജൻ ഡോ.വിമൽ ഐപ്പ്, അനസ്‌തേഷ്യ വിഭാഗം ഡോ.ശോഭാ ഫിലിപ്പ്, ഡോ. ഗായത്രി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ട്രോമാറ്റിക് ട്രക്കിയൽ ട്രാൻസെഷൻ ശസ്ത്രക്രിയയിലൂടെ ശ്വാസനാളം തുന്നിച്ചേർത്തു. നാലാംനാൾ മുതൽ കൂട്ടിച്ചേർത്ത ശ്വാസനാളിയിലൂടെ സജ്‌ന ശ്വസിച്ചുതുടങ്ങി. ഏഴു ദിവസത്തെ തീവ്രപരിചരണത്തിനു ശേഷം വാർഡിലേക്ക് മാറ്റിയ ഇവർ സംസാരശേഷി വീണ്ടെടുക്കുകയും ആഹാരം കഴിച്ചു തുടങ്ങുകയും ചെയ്തു.
കേരളത്തിലെ ആദ്യത്തേതും ഇന്ത്യയിലെ രണ്ടാമത്തേതുമാണ് ഈ ശസ്ത്രക്രിയയെന്ന് ആശുപത്രി ഡയറക്ടർ ഫാ. ഷൈജു അഗസ്റ്റിൻ തോപ്പിൽ പറഞ്ഞു. ഒന്നരമാസത്തെ ആശുപത്രിവാസത്തിനു ശേഷം ശബ്ദം തിരികെകിട്ടിയ സന്തോഷത്തോടെ സജ്‌നയും കുടുംബവും കഴിഞ്ഞ ദിവസം നാട്ടിലേക്ക് മടങ്ങി.