കൊച്ചി : കൂനമ്മാവ് മേസ്തിരിപ്പടിക്കു സമീപം കാറുമായി കൂട്ടിയിടിച്ച് മറിഞ്ഞ ലോറിലെ സി.എൻ.ജി സിലിണ്ടറുകളിലെ ഗ്യാസ് തുറന്നുവിട്ട് അപകടം ഒഴിവാക്കി. നാല്പതോളം സിലിണ്ടറുകളാണ് ലോറിയിൽ ഉണ്ടായിരുന്നത്. അപകടത്തിൽ രണ്ട് സിലിണ്ടറുകളുടെ വാൽവ് ഒടിഞ്ഞാണ് ഗ്യാസ് ചോ‌ർന്നത്. മറ്റ് സിലിണ്ടറുകളുടെ വാൽവ് തകരാറിലുമായിരുന്നു. ഈ സിലിണ്ടറുമായുള്ള യാത്ര അപകടകാരണമായേക്കുമെന്ന് വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഗ്യാസ് തുറന്നുവിട്ടത്. പെട്രോനെറ്റിന്റെയും ഗെയിലിന്റെയും, അദാനി ഗ്രൂപ്പിന്റെയും ടെക്‌നിഷ്യന്മാർ എത്തിയാണ് ഗ്യാസ് നീക്കം ചെയ്തത്.
ഇന്നലെ പുലർച്ചെ ആറു മണിയോടെയാണ് രക്ഷാ പ്രവർത്തനം അവസാനിച്ചത്. റോഡിന് കുറുകെ കിടന്നിരുന്ന ലോറിയും, കാറും ക്രെയിൻ ഉപയോഗിച്ച് നീക്കി ഗതാഗതം പുനസ്ഥാപിച്ചു. ഇന്ത്യൻ ഓയിൽ അദാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതാണ് ഗ്യാസ് നിറച്ച സിലിണ്ടറുകളും, വാഹനവും. എറണാകുളത്ത് നിന്നും കോഴിക്കോട്ടേക്ക് പോകുന്നതിനിടെ അപകടമുണ്ടായത്. എതിരേ വന്ന കാറിൽ ഇടിക്കാതിരിക്കാൻ ലോറിഡ്രൈവർ ബ്രേക്ക് ചവിട്ടിയെങ്കിലും അപകടം ഒഴിവാക്കാനായില്ല. കാറിലുണ്ടായിരുന്നയാൾക്ക് തലയ്ക്ക് ചെറിയ പരിക്കുണ്ട്. റോഡിൽ മറ്റ് വാഹനങ്ങൾ ഇല്ലാതിരുന്നതിനാൽ വൻ അപകടമാണ് ഒഴിവായത്.ലോറി മറിഞ്ഞ് റോഡിനു കുറുകെ കിടന്നിരുന്നതിനാൽ കൂനമ്മാവ് ചിത്തിര ജംഗ്ഷനിൽനിന്ന് കൊങ്ങോർപ്പിള്ളി വഴിയും തിരുമുപ്പത്തുനിന്ന് കോട്ടുവള്ളി വഴിയുമാണ് വാഹനങ്ങൾ തിരിച്ചുവിട്ടിരുന്നത്.