മൂവാറ്റുപുഴ: ന്യൂകോളേജ് ബുക്ക് സ്റ്റാൾ ഉടമയായിരുന്ന തങ്കപ്പൻ നായരുടെ ഒന്നാം അനുസ്മരണ ചടങ്ങിനോടനുബന്ധിച്ച് മൂവാറ്റുപുഴയിൽ അക്ഷരക്കൂട്ടായ്മ സംഘടിപ്പിച്ചു. അക്ഷരകൂട്ടായ്മയിൽ മോഹൻദാസ് സൂര്യനാരായണന്റെ 'മൂവാറ്റുപുഴയുടെ നഗരപുരാവൃത്തങ്ങളുടെ' നൂറ്റിയൊന്നാം പ്രതി കൈമാറിയാണ് തങ്കപ്പൻ നായരെ അനുസ്മരിച്ചത്. തങ്കപ്പൻ നായരുടെ മകൻ ദേവദാസ് ടി.നായർ മുനിസിപ്പൽ ചെയർമാൻ പി.പി.എൽദോസ് പുസ്തകം കൈമാറി യോഗം ഉദ്ഘാടനം ചെയ്തു. മൂവാറ്റുപുഴയുടെ നഗരപുരാവൃത്തങ്ങൾ പോലൊരു ചരിത്ര പുസ്തകം നൂറു കോപ്പിയിലേറെ വിറ്റഴിക്കാൻ വഴിയൊരുക്കും വിധം മൂവാറ്റുപുഴയുടെ അക്ഷരപ്പുരയായി ന്യൂകോളേജിനെ വളർത്തിയത് തങ്കപ്പൻനായരാണെന്ന് പി.പി.എൽദോസ് പറഞ്ഞു. കവിയും തോർച്ച സമാന്തര മാസികയുടെ പത്രാധിപരുമായ ബിജോയ് ചന്ദ്രൻ മുഖ്യാതിഥിയായി. ദേവദാസ് അദ്ധ്യക്ഷത വഹിച്ചു.മോഹൻദാസ് സൂര്യനാരായണൻ, സുരേഷ് എക്സ്‌പ്രസ് , ജിനീഷ്‌ലാൽ രാജ്, അസീസ് കുന്നപ്പിള്ളി, അഡ്വ.ഒ.വി.അനീഷ്, സൂർജിത് എസ്‌തോസ്, പി.എം.ഏലിയാസ്, മനോജ് കെ.വി., മൃദുൽ ജോർജ്ജ്, ഗിരീഷ് മേനോൻ തുടങ്ങിയവർ സംസാരിച്ചു.