ആരോഗ്യരംഗത്ത് ഏറെ മുന്നിലാണെന്ന് അവകാശപ്പെടുമ്പോഴും മലയാളിയുടെ ജീവിതശൈലി ഇനിയുമേറെ മാറേണ്ടയിരിക്കുന്നു എന്നാണ് അനുഭവങ്ങൾ തെളിയിക്കുന്നത്. ഡയബറ്റിക്, കൊളസ്ട്രോൾ, രക്തസമ്മർദ്ദം ഇതിന്റെയൊക്കെ ഫലമായി സംഭവിക്കുന്ന വൃക്കരോഗങ്ങൾ, ഹൃദയം, കരൾ എന്നിവയെ ബാധിക്കുന്ന ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ തുടങ്ങി നിരവധി കാര്യങ്ങൾ ജീവിതശൈലിയിലെ അപാകതകൾ കൊണ്ട് ഉണ്ടാകുന്നുണ്ട്.
അതുപോലെ മുൻ കാലങ്ങളെ അപേക്ഷിച്ച് കാഴ്ച, കേൾവി വൈകല്യങ്ങളും കൂടിവരുന്നുവെന്നാണ് ഇത്തരം ക്ലിനിക്കുകളിലെ ആൾകൂട്ടങ്ങൾ സൂചിപ്പിക്കുന്നത്. ശരിക്കും ശാസ്ത്രീയമായ പഠനങ്ങളും പരിഹാരവും ഉണ്ടാവേണ്ട മേഖലയാണിത്.
എന്നാൽ മലയാളികൾ അധികം പ്രധാന്യം നൽകാത്തതും ഏറ്റവും കരുതൽ ആവശ്യമുള്ളതുമായൊരു മേഖലയാണ് ദന്തസംരക്ഷണം. അലസമായ ദന്തസംരക്ഷണം ദന്തശോഷണത്തിന് മാത്രമല്ല, മൊത്തത്തിലുള്ള ആരോഗ്യത്തെയും ബാധിക്കുമെന്ന തിരിച്ചറിവുള്ളവർ നന്നേ വിരളമാണ്. പല്ലിന് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിലും ഇല്ലെങ്കിലും ആറ് മാസത്തെ കൃത്യമായ ഇടവേളകളിൽ ദന്തപരിശോധന നടത്തണം. മറ്റ് ജീവിത ശൈലി രോഗങ്ങളെക്കുറിച്ച് ആളുകൾ ശ്രദ്ധിച്ചുതുടങ്ങുന്നത് 40 വയസിന് ശേഷമായിരിക്കും. അതല്ലെങ്കിൽ മറ്റേതെങ്കിലും ചികിത്സയുടെ ഭാഗമായി നടക്കുന്ന പരിശോധനകളിൽ ജീവിതശൈലി രോഗങ്ങൾ ശ്രദ്ധയിൽപ്പെടുമ്പോഴായിരിക്കും.
എന്നാൽ ദന്തസംരക്ഷണം സംബന്ധിച്ച് ഇത്തരം പരിശോധനകളൊന്നും നടക്കുന്നില്ല. അതുകൊണ്ടുതന്നെ രോഗത്തിന്റെ മൂർദ്ധന്യാവസ്ഥവരെ വേദന സഹിച്ച് കൊണ്ടുനടക്കുകകയാണ് ചെയ്യുന്നത്. അപ്പോഴേക്കും പല്ല് പറിച്ചുമാറ്റുകയെന്നതിന് അപ്പുറം യാതൊരു പരിഹാരവുമില്ലാത്ത ദുരവസ്ഥയിൽ എത്തിയിരിക്കും. ഈ സാഹചര്യത്തിൽ നാം ശീലിക്കേണ്ട ശരിയായ ദന്തസംരക്ഷണ മാർഗങ്ങളെ കുറിച്ച് സംസാരിക്കുകയാണ് ഓർത്തോഡോന്റിസ്റ്റ് ഡോ.ജോസഫ് കെ. താണികുന്നേലും ഭാര്യ എൻഡോഡോന്റിസ്റ്റ് ഡോ. അഞ്ജു അന്ന വർഗീസും.
ദന്തസംരക്ഷണം
എവിടെ തുടങ്ങണം
ശൈശവാവസ്ഥ മുതൽ ജീവിതാവസാനം വരെ കൃത്യമായ ഇടവേളകളിൽ പരിശോധനയും പരിചരണവും ആവശ്യമുള്ള അവയവമാണ് പല്ല്. ശിശുക്കളിൽ പാൽ പല്ല് മുളച്ചുവരുമ്പോൾ തന്നെ ഒരു പീഡിയാട്രിക് ദന്തൽ സർജന്റെ സേവനം തേടണം. പിന്നീട് ആറ് മാസത്തിൽ ഒരിക്കൽ കൃത്യമായി റിവ്യൂ നടത്തുകയും ചെയ്യണം. അങ്ങനെ ചെയ്താൽ ആ കുഞ്ഞിന്റെ പല്ലുകൾക്ക് ഒരിക്കലും കേട് സംഭവിക്കില്ലെന്ന് മാത്രമല്ല പറിച്ചുമാറ്റേണ്ടിവരികയുമില്ല.
നിര തെറ്റിയതും തള്ളിനിൽക്കുന്നതുമായ പല്ലുകൾ കമ്പിയിടാതെ തന്നെ നേരെയാക്കുന്ന ക്ലിയർ അലൈനർ സൗകര്യവുമുണ്ട്. പല്ലിനെ ബാധിക്കാവുന്ന ആരോഗ്യപ്രശ്നങ്ങൾ, മുളച്ചുവരുന്ന പല്ലിന്റെ ഘടന, എന്തെങ്കിലും വൈകല്യങ്ങൾ ഉണ്ടെങ്കിൽ അതിനുള്ള പ്രതിരോധമാർഗങ്ങൾ, ദൈനംദിനമുള്ള പല്ലുതേപ്പ്, പേസ്റ്റ് മുതലായ വസ്തുക്കളുടെ ഉപയോഗം, ദന്താരോഗ്യത്തെ സാരമായി ബാധിക്കാവുന്ന ഭക്ഷണം തുടങ്ങി ഒരുപാട് കാര്യങ്ങൾ മാതാപിതാക്കളും അറിഞ്ഞിരിക്കേണ്ടതുണ്ട്. ചില പാരമ്പര്യദന്തരോഗങ്ങൾ തലമുറകളിലേക്ക് പകരാനുള്ള സാധ്യതയും കൂടുതലാണ്. അണപ്പല്ല് ഒരിക്കൽ കൊഴിഞ്ഞുപോവുകയോ, പറിച്ചുമാറ്റുകയെോ ചെയ്താൽ പിന്നീട് മുളക്കില്ല. ജീവതകാലം മുഴുവൻ അതിന്റെ ദുരന്തം ആ വ്യക്തി അനുഭവിക്കേണ്ടിവരും. അതുകൊണ്ട് ചികിത്സയല്ല പ്രതിരോധമാണ് ഇവിടെയും അനിവാര്യം.
ദന്തപരിശോധനയുടെ അനിവാര്യത
പല്ലിന്റെ കാര്യത്തിൽ സാധാരണക്കാർ തീരുമാനമെടുക്കുന്നത് പണച്ചെലവിനെ മാത്രം വിശകലനം ചെയ്തിട്ടാണ്. കേടുവന്ന പല്ല് എടുത്തുമാറ്റുന്നതും അതിന്റെ കേട് പരിഹരിച്ച് നിലനിറുത്തുന്നതും തമ്മിൽ താരതമ്യം ചെയ്യുമ്പോൾ പറിച്ചുകളയുന്നതാണ് എല്ലാവർക്കും താൽപര്യം. പക്ഷേ അതുകൊണ്ടുണ്ടാകുന്ന സാമ്പത്തിക ലാഭം താൽക്കാലികമാണെന്ന് അവർ മനസിലാക്കുന്നില്ല. 6 മാസത്തിൽ ഒരിക്കൽ കൃത്യമായും ക്ലിനിക്കൽ പരിശോധന നടത്തി മുന്നോട്ടുപോകുന്ന വ്യക്തിയെ സംബന്ധിച്ച് ദന്തസംരക്ഷണം അധികചെലവ് ആയിരിക്കുകയില്ല. മറ്റൊരു പ്രധാനപ്പെട്ട സംഗതി ഗർഭധാരണത്തിന് മുമ്പ് യുവതികൾ ദന്തപരിശോധന നടത്തണമെന്നതാണ്. ഗർഭകാലത്ത് പല്ലുവേദന പോലെയുള്ള രോഗങ്ങൾക്ക് മരുന്ന് കഴിക്കാൻ ബുദ്ധിമുട്ടാണ്. ഗർഭസ്ഥ ശിശുവിന്റെ ആരോഗ്യത്തെപ്പോലും പ്രതികൂലമായി ബാധിക്കും. അതുകൊണ്ടുതന്നെ ഗർഭധാരണത്തിന് തയ്യാറെടുക്കുന്ന യുവതികൾ നിർബന്ധമായും ദന്തപരിശോധന നടത്തുകയും വിദഗ്ധ ഉപദേശം അനുസരിച്ച് ദന്തസംരക്ഷണം നടത്തുകയും ചെയ്യുന്നത് ഉത്തമമാണ്.
ദന്ത ശുചീകരണം
പ്രായഭേദമെന്യെ പലരും നേരിടുന്നൊരു പ്രശ്നമാണ് ശരിയായ ദന്ത ശുചീകരണം. ദിവസവും രണ്ടോ മൂന്നോ നേരം പല്ലുതേച്ചതുകൊണ്ട് ആയില്ല. ശാസ്ത്രീയമായി തേയ്ക്കണം. അതിനും കേട്ടറിവുകൾ മാത്രം പോര. പല്ല് ക്ലീൻ ചെയ്താൽ തേയ്മാനം ഉണ്ടാകുമെന്ന് വിശ്വസിക്കുന്നവരുമുണ്ട്. മോണയോട് ചേർന്നഭാഗത്താണ് പല്ലിൽ അഴുക്ക് അടിയുന്നത്. ഇത് ശരിയായി വൃത്തിയാക്കിയില്ലെങ്കിൽ മോണരോഗത്തിന് കാരണമാകും. മോണ രോഗമാണ് പല്ലിന്റെ ആരോഗ്യം മോശമാക്കുന്നത്. ചിലർക്ക് പാരമ്പര്യമായും മോണരോഗം കണ്ടുവരാറുണ്ട്. ഇത്തരം കാര്യങ്ങളിൽ വിദഗ്ദ്ധ ഡോക്ടർമാരുടെ ഉപദേശം തേടുകയെന്നതാണ് ശരിയായ രീതി.
ബോധവത്കരണം അനിവാര്യം
ദന്തൽ ക്ലീനിക്കുകളെ സമീപിക്കുന്ന 90 ശതമാനം ആളുകളുടെയും ആവശ്യം 'പല്ലുവേദനയാണ്, പറിച്ചുകളഞ്ഞേക്ക്' എന്നായിരിക്കും. പല്ല് ഇല്ലെങ്കിലും ജീവിക്കാമെന്നാണ് പൊതുധാരണ. അങ്ങനെ ആവശ്യപ്പെടുന്നവരോടുപോലും പല്ല് പറിക്കൽ അല്ല നിലനിറുത്തലാണ് പ്രധാനമെന്ന് പറഞ്ഞുകൊടുക്കേണ്ട ബാധ്യത ഡോക്ടർക്കുണ്ട്. ക്ഷമയോടെ കേൾക്കാനും അതനുസരിക്കാനും തയ്യാറായാൽ പല്ലുവേദനക്കാരന് മാത്രമാണ് ഗുണം. പറിച്ചുകളയുന്നതിനെ അപേക്ഷിച്ച് നിലനിറുത്താൻ ചെലവ് കൂടുതലാകുമെന്നത് താൽക്കാലിക വിശകലനം മാത്രമാണ്. പല്ലിന് പല്ലുതന്നെ വേണമെന്ന ഘട്ടത്തിൽ പിശുക്കിവച്ച പണം ഉപയുക്തമാവില്ല. കട്ടിയുള്ള ആഹാരം ചവച്ചരച്ച് കഴിക്കേണ്ടിവരുമ്പോൾ മേൽ നിരയിലും കീഴ് നിരയിലും ഒരുപോലെ പല്ല് ഇല്ലാതെ വരുമ്പോഴാണ് ബുദ്ധിമുട്ടുന്നത്. നല്ലതുപോലെ ചവച്ച് അരയ്ക്കാത്ത ആഹാരപദാർത്ഥങ്ങൾ ആമാശയത്തിലേക്ക് ചെന്നാൽ ഉണ്ടാകുന്ന ദഹനപ്രശ്നങ്ങൾ നിരവധിയാണ്. ചെറുപ്രായത്തിലുള്ള ദഹനശേഷി വൃദ്ധരാകുമ്പോഴും അതേപടി നിലനിൽക്കണമെന്നില്ല. അതുകൊണ്ട് വയസുകാലത്താണ് പല്ലിന്റെ അനിവാര്യത വർദ്ധിക്കുന്നത്. പലരും കരുതുന്നത് നേരെ തിരിച്ചാണ്. വയസ് ആയില്ലെ ഇനി പല്ല് ഇല്ലെങ്കിലും കുഴപ്പമില്ല, വേദന സഹിക്കാൻ വയ്യ. അതുകൊണ്ട് പറിച്ചുകളയണം. ഇത്തരം സന്ദർഭങ്ങളിൽ പ്രായഭേദമെന്യേ പല്ല് നിലനിറുത്തുന്ന കാര്യത്തിൽ 100വട്ടം ആലോചിച്ചിട്ടുമാത്രമെ പറിച്ചുകളയാൻ തീരുമാനിക്കാവൂ. കാരണം ആഹാരകാര്യത്തിൽ മാത്രമല്ല, സമൂഹ്യജീവിതത്തിനും ആശയവിനിമയത്തിനുമൊക്കെ പല്ലിന് നിർണായക പങ്ക് ഉണ്ട്. ആത്മവിശ്വാസത്തോടെ ചിരിക്കാനും വ്യക്തമായി സംസാരിക്കാനും പല്ലുണ്ടങ്കിലെ സാധിക്കൂ.
കൃത്രിമപല്ല്
എല്ലിൽ ബലപ്പെട്ടുനിൽക്കുന്ന വേരുണ്ടെങ്കിൽ അത്തരം പല്ലുകൾ ഒരുകാരണവശാലും പറിച്ചുകളയരുത്. അതിന്റെ കേട് പരിഹരിച്ച് നിലനിറുത്തണം. പോട് അടയ്ക്കൽ, ക്യാപ്പിംഗ്, റൂട്ടുകനാൽ തുടങ്ങിയ ചികിത്സകളിലൂടെ പല്ലിന്റെ കേട് പരിഹരിക്കാം. ഇനി ഏതെങ്കിലും കാരണത്താൽ പല്ല് പറിച്ചുകളയേണ്ട സാഹചര്യമുണ്ടായാൽ കൃത്രിമപല്ല് വച്ചുപിടിപ്പിക്കുകയും ചെയ്യാം. മുൻ കാലങ്ങളിലേതുപോലെ എടുത്തുമാറ്റാവുന്നതും, പുറത്തെടുത്ത് വൃത്തിയാക്കേണ്ടതുമല്ല ഇപ്പോഴത്തെ കൃത്രിമപല്ലുകൾ. അത് എല്ലിനുള്ളിൽ ഉറപ്പിച്ചുനിറുത്തുന്നതാണ്. ഡന്റൽ മൈക്രോസ്കോപ്പ്, ഇൻട്രാ ഓറൽ സ്കാനർ തുടങ്ങിയ ആധുനിക ഉപകരണങ്ങളുടെ സഹായത്തോടെ പല്ലിന്റെ ഘടന പരിശോധിച്ച് സമാനമായ കൃത്രിമപ്പല്ല് പുന:സ്ഥാപിക്കാൻ സാധിക്കും. അത്യാവശ്യഘട്ടങ്ങളിൽ 45 മിനിറ്റിനകം ഇത് സാധ്യമാണെങ്കിലും പരമാവധി 4-5 ദിവസത്തിനുള്ളിൽ കൃത്രിമപല്ല് വച്ചുപിടിപ്പിക്കാനാകും. വായിലെ മുഴുവൻ പല്ലുകളും ഇതുപോലെ ഇംപ്ലാന്റ് ചെയ്യാം. ഇത്തരം ഇംപ്ലാന്റ്സർജറികൾ വളരെ സൂഷ്മതയോടെയും കലാബോധത്തോടെയും ചെയ്യേണ്ടതാണ്. അതിനുപിന്നിൽ പ്രവർത്തിക്കുന്ന ഡോക്ടർക്ക് ഒരു എൻജീനിയറിംഗ് മനോഭാവവും കലാബോധവും ഉണ്ടായിരിക്കണം.
ദന്തരോഗ ചികിത്സ
ജീവിതാഭിലാഷം
ഡോ. ജോസഫ് കെ. താന്നിക്കുന്നേലിന് എട്ടാം ക്ലാസ് വിദ്യാർത്ഥി ആയിരിക്കെ പല്ലിന് കമ്പിയിട്ടപ്പോൾ മനസിൽ ഉദിച്ച ആഗ്രഹമാണ് ഭാവിയിൽ ഒരു ദന്തഡോക്ടർ ആകണമെന്നത്. പാമ്പാക്കുട താന്നിക്കുന്നേൽ ടി.കെ. ജോസ്, കുമാരി ദമ്പതികളുടെ ഏകമകനാണ്. മകൻ ഒരു മെഡിക്കൽ ഡോക്ടർ ആകണമെന്നായിരുന്നു മാതാപിതാക്കളുടെ മനസിലിരിപ്പ് എങ്കിലും ഏകപുത്രന്റെ ആഗ്രഹത്തിന് മുമ്പിൽ അവർ വഴങ്ങി. ഇന്ന് മുളന്തുരുത്തിയിൽ മൾട്ടിസ്പെഷ്യാലിറ്റി 'ദന്തൽ സ്ക്വയർ' എന്ന സ്വപ്നപദ്ധതി യാഥാർത്ഥ്യമാക്കിയ ചാരിതാർത്ഥ്യത്തിലാണ് ഡോ.ജോസഫ്. ഭാര്യ ഡോ. അഞ്ജു അന്ന വർഗീസിനെ കൂടാതെ പീഡിയാട്രിക് ദന്തൽ സർജൻ മുതൽ വിവിധ വിഭാഗങ്ങളിൽ സ്പെഷ്യലിസ്റ്റുകളായ 8 ഡോക്ടർമാരും ഇവിടെ സേവനം അനുഷ്ഠിക്കുന്നുണ്ട്. ക്ലിനിക്കിൽ എത്തുന്നവർക്ക് ദന്തസംരക്ഷണത്തെക്കുറിച്ച് ശരിയായ അവബോധം നൽകുന്നതിനും ദന്തസംരക്ഷണത്തിനും ചികിത്സയ്ക്കുമുള്ള ആധുനിക സംവിധാനങ്ങളും ദന്തൽ സ്ക്വയറിൽ ക്രമീകരിച്ചിട്ടുണ്ട്.