കൊച്ചി: ആഗോളതലത്തിൽ അപൂർവമായ ഓഷ്യനേറിയം ഉൾപ്പെടുന്ന ഇന്റഗ്രേറ്റഡ് അക്വാപാർക്ക് നാല് വർഷത്തിനുള്ളിൽ വൈപ്പിനിൽ യാഥാർത്ഥ്യമാകും. ഓഷ്യനേറിയത്തിനു പുറമെ വിവിധ കണ്ടൽ ഇനങ്ങളുടെ ശാസ്ത്രീയ സംരക്ഷണം ഉൾക്കൊള്ളുന്ന കണ്ടൽ ബൊട്ടാണിക്കൽ ഗാർഡൻ, ഡോൾഫിൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, സമുദ്രോത്പന്ന സംസ്‌കരണം, സീ ഫുഡ് റെസ്റ്റോറന്റ് , മത്സ്യ കൃഷി പ്രദർശന യൂണിറ്റ്, ഫിഷറീസ് പരിശീലന കേന്ദ്രങ്ങൾ, മ്യൂസിയം , മറൈൻ എന്റർടൈൻമെന്റ് ആൻഡ് സ്‌പോർട്‌സ്, ഫിഷറീസ് സ്റ്റാർട്ട് അപ്പ്, അഡ്മിനിസ്ട്രേറ്റീവ് കോംപ്ലക്‌സ് തുടങ്ങി വിവിധ ഘടക പദ്ധതികൾ ഉൾക്കൊള്ളുന്ന സമഗ്ര അക്വാ പാർക്ക് എന്ന ആശയമാണ് റിപ്പോർട്ടിലുള്ളത്.

ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്റെ സാന്നിദ്ധ്യത്തിൽ പുതുവൈപ്പ് സെന്റർ ഫോർ മറൈൻ റിസോഴ്സസ് ലിവിംഗ് ആൻഡ് എക്കോളജിയിൽ (സിഎംആർഎൽഇ ) നടന്ന യോഗത്തിൽ പദ്ധതി കാലതാമസം കൂടാതെ പൂർത്തിയാക്കാൻ ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദേശം നൽകി.

വൈപ്പിൻ മണ്ഡലത്തിന്റെ വൻ വികസനക്കുതിപ്പ് ഉറപ്പാക്കുന്ന നിർദിഷ്ട ഓഷ്യനേറിയം വൈപ്പിൻ തീരത്തിന്റെ പശ്ചാത്തലത്തിൽ ഏറെ സവിശേഷതകളുണ്ട്. ഏറ്റവുമധികം കടൽ ജൈവവൈവിദ്ധ്യം ഉൾക്കൊള്ളുന്ന തീരമാണ് വൈപ്പിനിലേത്. അതുകൊണ്ടുതന്നെ പദ്ധതി പ്രാബല്യത്തിലാക്കുന്നതിന് ഏറ്റവും മുന്തിയ പ്രാമുഖ്യം നൽകും. പ്രാദേശിക സാഹചര്യത്തിന് യോജിച്ച സമീപനമായിരിക്കും പദ്ധതി നിർവഹണത്തിൽ അവലംബിക്കുകയെന്ന് കെ. എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എയും പറഞ്ഞു.