കളമശേരി: കൊവിഡ് കാലത്തെ ഓൺലൈൻ പഠനം ഉയർത്തിയ വെല്ലുവിളികൾ സമൂഹമാകെ ഏറ്റെടുത്തത് വലിയ ആശ്വാസമായെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. എൻ.ജി.ഒ യൂണിയന്റെ ജില്ലാതല ഡിജിറ്റൽ പഠനോപകരണ വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഓൺലൈൻ പഠനം സാദ്ധ്യമാക്കാൻ തവണകളായി മാത്രം പണം മുടക്കാൻ കഴിയുന്നവർക്ക് വായ്പകൾ ലഭ്യമാക്കും. വാങ്ങാൻ കഴിവില്ലാത്ത വിദ്യാർത്ഥികൾക്ക് സ്ഥാപനങ്ങളും വ്യക്തികളും സംഘടനകളുമായി കൂടിയാലോചിച്ച് പഠനോപകരണങ്ങൾ കണ്ടെത്തുകയാണ്. ഇതിന്റെ ഭാഗമായി കേരള എൻ.ജി.ഒ യൂണിയൻ രണ്ടര കോടി രൂപയുടെ ഡിജിറ്റൽ പഠനോപകരണങ്ങളാണ് സംഭാവന ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു. തുടർന്ന് ജില്ലയിലെ എൻ.ജി.ഒ യൂണിയൻ 30 ലക്ഷം രൂപ സ്വരൂപിച്ച് 300 വിദ്യാർത്ഥികൾക്കായി നൽകുന്ന പഠനോപകരണങ്ങൾ മന്ത്രി വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയരക്ടർ ഹണി ജി അലക്സാണ്ടറിന് കൈമാറി. ഗവ. ഐ.ടി.ഐ ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ യൂണിയൻ ജില്ലാ പ്രസിഡന്റ് കെ .എ .അൻവർ അദ്ധ്യക്ഷനായി. വൈപ്പിൻ എം.എൽ.എ .കെ. എൻ ഉണ്ണിക്കൃഷ്ണൻ, ജില്ലാ കളക്ടർ ജാഫർ മാലിക്ക് തുടങ്ങിയവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ .കെ. സുനിൽകുമാർ , ജോയിന്റ് സെക്രട്ടറി കെ. എസ് .ഷാനിൽ എന്നിവർ സംസാരിച്ചു.സംസ്ഥാന കമ്മിറ്റി അംഗം രാജമ്മ രഘു പങ്കെടുത്തു.