കിഴക്കമ്പലം: ഒറ്റക്കു താമസിക്കുന്ന മദ്ധ്യ വയസ്ക്കയെ പുലർച്ചെ വിളിച്ചുണർത്തി വീടിനുള്ളിൽ വെച്ച് അക്രമിക്കാൻ ശ്രമം. ഞായറാഴ്ച പുലർച്ചെ നാല് മണിയോടെയാണ് സംഭവം. പട്ടിമറ്റം, കുമ്മനോട് പൊത്താംകുഴി മലക്ക് സമീപമാണ് സംഭവം.കൂലിപ്പണിക്കാരിയായ മദ്ധ്യവയസ്ക്ക മകളുടെ വീടിനോട് ചേർന്ന് വർഷങ്ങളായി ഒറ്റക്കാണ് താമസം. മഴക്കോട്ടിട്ട് മുഖം മറച്ച ഒരാൾ പുലർച്ചെ വന്ന് വീടിന്റെ വാതിലിൽ മുട്ടി വിളിക്കുകയായിരുന്നു. വാതിൽ തുറന്ന ഉടൻ റബർ പന്ത് വായിൽ തിരുകിയ ശേഷം ഇവരെ അക്രമിച്ച് കീഴ്പ്പെടുത്തുകയായിരുന്നു. കനത്ത മഴയായിരുന്നതിനാൽ ഒച്ച വച്ചെങ്കിലും സമീപത്ത് താമസിക്കുന്ന മകളും കുടുംബവും കേട്ടില്ല. അക്രമിയിൽ നിന്നും കുതറി മാറി മകളുടെ വീട്ടിലേക്കോടിയെത്തിയതോടെ അക്രമി ഓടി മറഞ്ഞു. ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്താനുള്ള ശ്രമത്തിനിടെ മുഖം ഭിത്തിയിലിടിച്ച് പരിക്കേറ്റിട്ടുണ്ട്. ഒരു പല്ലിനും സാരമായ പരിക്കേറ്റു. നാട്ടുകാരറിയിച്ചതനുസരിച്ച് കുന്നത്തുനാട് പൊലീസ് സ്ഥലത്തെത്തി ഇവരെ പൊലീസ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു. പെരുമ്പാവൂർ ഡിവൈ.എസ്.പി ഇ.പി.റെജി, പൊലീസ് ഇൻസ്പെക്ടർ വി.ടി.ഷാജൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രധാന റോഡിൽ നിന്നും ഒരു കിലോമീറ്ററോളം ഉൾ ഭാഗത്താണ് ഇവരുടെ വീട്. വീടിനെ കുറിച്ചും ആളെ കുറിച്ചും കൃത്യമായി അറിയാവുന്ന ആളാണ് അക്രമിയെന്നാണ് പൊലീസിന്റെ നിഗമനം. അഡ്വ.പി.വി. ശ്രീനിജിൻ എം.എൽ.എ അക്രമത്തിനിരയായ മദ്ധ്യവയസ്ക്കയുടെ വീട് സന്ദർശിച്ച് അന്വേഷണം ഊർജ്ജിതമാക്കാൻ നിർദ്ദേശം നൽകി.