കൊച്ചി: കൊവിഡിന്റെ മറവിലെ അനധികൃത അവധിയെടുപ്പ് ഇനി നടക്കില്ല. ഇത്തരം ജീവനക്കാരെ ക്ലിപ്പിടാൻ നടപടി കർശനമാക്കി കെ.എസ്.ആർ.ടി.സി. സർവീസുകൾ പൂർവസ്ഥിതിയാക്കാൻ തയ്യാറെടുക്കുന്നതിനിടെ ജീവനക്കാരുടെ അനധികൃത അവധിയെടുപ്പ് കോർപ്പറേഷനെ പ്രതിസന്ധിയിലാക്കിയെന്നാണ് കണ്ടെത്തൽ. നിലവിലെ സർവീസ് നടത്തിപ്പിനേയും വരുമാനത്തെയും കാര്യമായി ബാധിച്ചിട്ടുണ്ടെന്നും അവധി സംബന്ധിച്ച പുതുക്കിയ ഉത്തരവിൽ പറയുന്നു.
പുതിയ ഉത്തരവ്
ഇനി 14 ദിവസം വരെയുള്ള മെഡിക്കൽ അവധി മാത്രമേ യൂണിറ്റുതലത്തിൽ തീരുമാനമെടുക്കാൻ പാടുള്ളു. 15ന് മുകളിൽ 30 ദിവസം വരെയുള്ള അവധികൾക്ക് സോണൽ ഓഫീസ് വഴിയും ഇതിന് മുകളിലാണെങ്കിൽ ചീഫ് ഓഫീസ് വഴിയും മാത്രമേ നേടാനാകൂ. വളരെ അത്യാവശ്യ കാര്യം ഒഴികെയുള്ള അവധികൾക്ക് രണ്ട് ദിവസം മുന്നേ ലീവ് അപേക്ഷ നൽകേണ്ടി വരും. ഇത് പാലിക്കാത്ത ജീവനക്കാരുടെ വിവരങ്ങൾ റിപ്പോർട്ടാക്കി വിജിലൻസ് എക്‌സിക്യുട്ടീവ് ഡയറക്ടർക്ക് കൈമാറണം.
ഫിറ്റാകണം
സാധാരണ 15ദിവസത്തെ മെഡിക്കൽ ലീവ് എടുക്കുന്നവർ തിരികെ ഡ്യൂട്ടിയിൽ കയറുമ്പോൾ മെഡിക്കൽ സർട്ടിഫിക്കറ്ര് ഹാജരാക്കിയാൽ മാത്രം മതിയായിരുന്നു. എന്നാൽ ഇനി അതും നടപ്പില്ല. ജോലിയിൽ തിരികെ പ്രവേശിക്കണമെങ്കിൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റും കൈമാറണം. വീഴ്ച വരുത്തുന്നവർക്കെതിരെ കർശനമായ അച്ചടക്ക നടപടിയെടുക്കാനാണ് തീരുമാനം.
സിംഗിളിൽ അമർഷം
ഡബിൾ ഡ്യൂട്ടി നിർത്തലാക്കിയതോടെ കെ.എസ്.ആർ.ടി.സി ജീവനക്കാർ ദുരിതത്തിലാണ്. വർഷം 240 ഡ്യൂട്ടി ചെയ്യുന്നവർക്ക് മാത്രം സ്ഥാനക്കയറ്റവും ഇൻക്രിമെന്റും നൽകിയാൽ മതിയെന്നാണ് നിർദ്ദേശം. അതേസമയം പുതിയ ഉത്തരവിനെതിരെ ജീവനക്കാർക്കിടയിൽ എതിർപ്പ് പുകയുകയാണ്.12 മണിക്കൂറാണ് നിലവിൽ സിംഗിൾ ഡ്യൂട്ടിയായി പരിഗണിക്കുന്നത്. നേരത്തെ 13 മണിക്കൂർ ജോലി ചെയ്താൽ ഡബിൾ ഡ്യൂട്ടിയാകും. എട്ട് മണിക്കൂർ ജോലിയും നാല് മണിക്കൂർ വിശ്രമവുമാണ് പുതിയ നിർദേശം. എന്നാൽ ഇത് പ്രയോഗികമല്ലെന്ന് ജീവനക്കാർ പറയുന്നു. രാവിലെ ഏഴ് മണിക്ക് ജോലിക്ക് കയറുന്ന ജീവനക്കാർ വൈകിട്ട് ഏഴ് മണി വരെ ഡ്യൂട്ടിയിൽ ഇരിക്കണം. അടുത്ത ദിവസവും ഇതുപോലെ രാവിലെ ഡ്യൂട്ടിക്ക് എത്തണം. നിലവിലെ സാഹചര്യത്തിൽ നിലവിൽ നാല് മണിക്കൂർ വിശ്രമം നടക്കും. എന്നാൽ കൊവിഡ് അവസാനിക്കുന്നതോടെ വിശ്രമിക്കാൻ കഴിയാത്ത സാഹചര്യമാകുമെന്ന് ജീവനക്കാർ പറയുന്നു.