കോതമംഗലം: കോട്ടപ്പടി പഞ്ചായത്തിനെ വിറപ്പിച്ച് വീണ്ടും കാട്ടാനകളുടെ ആക്രമം തുടരുന്നു. പഞ്ചായത്തിലെ വടക്കുംഭാഗം, വാവേലി നിവാസികൾ വനം വകുപ്പ് അധികാരികളുടെയടുത്തും ജനപ്രതിനിധികളുടെയടുത്തും പരാതി പറഞ്ഞ് മടുത്തതല്ലാതെ ആനകളുടെ അക്രമത്തിന് ഇതുവരെ പരിഹാരമൊന്നുമായിട്ടില്ല. കാട്ടാനകളാകട്ടെ അനുദിനം ഇവരുടെ കൃഷിയിടങ്ങൾ ചവിട്ടി മെതിക്കുകയും ചെയുന്നു. ഇതിനോടകം വാഴ, മഞ്ഞൾ, തെങ്ങ്, റബ്ബർ എന്നിവ വ്യാപകമായി കാട്ടാന നശിപ്പിച്ചു. നല്ല മഴയുള്ള സമയമായതിനാൽ പലപ്പോഴും ആന രാത്രിയിൽ എത്തുന്നത് നാട്ടുകാർ അറിയുന്നില്ല. കഴിഞ്ഞ ദിവസം ആന്റണി ജോൺ എം. എൽ. എയുടെ നേതൃത്വത്തിൽ ചേർന്ന അടിയന്തര യോഗത്തിൽ മൂന്നു കാട്ടാനകളാണ് പ്രശ്‌നക്കാരെന്നു കണ്ടത്തിയിട്ടുണ്ട് എന്നാണ് മലയാറ്റൂർ ഡി.എഫ്.ഒ അറിയിച്ചത്. പ്രശ്നക്കാരായ ആനകളെ ഇവിടെ നിന്ന് മാറ്റാൻ വനം വകുപ്പ് തയ്യാറാകണം എന്നാണ് നാട്ടുകാർ ആവശ്യം. കഴിഞ്ഞ ദിവസങ്ങളിൽ വീട്ടിൽ കെട്ടിയിരിക്കുന്ന പശുക്കുട്ടിയെയും, പോത്തിനെയും ആന കുത്തികൊലപ്പെടുത്തിയിരുന്നു. ഏതു നിമിഷവും തങ്ങൾക്കുനേരെ കാട്ടാനയുടെ ആക്രമണം ഉണ്ടാകുമെന്ന് ഭയന്നാണ് നാട്ടുകാർ ഓരോ ദിവസവും കഴിച്ചുകൂട്ടുന്നത്. ഇന്നലെ രാത്രിയിൽ ഇറങ്ങിയ കാട്ടാന എൽദോസ് അറാക്കുടിയുടെ മഞ്ഞൾ കൃഷി,ജോസ് വട്ടക്കുടിയുടെ അമ്പതോളം കുലച്ച് തുടങ്ങിയ വാഴകൾ,
ബേസിൽ പോൾ അറാക്കുടിയുടെ രണ്ടുമാസം പ്രായമുള്ള 20 ഓളം തൈകളും, പാലിയത്തുമോളേൽ ജോർജ്, പാലിയത്തു മോളേൽ പീറ്റർ, മടത്തുംപാറ റെന്നി എന്നിവരുടെ നൂറോളം റബ്ബർ തൈകളുമാണ് നശിപ്പിച്ചത്. അധികാരികൾ ഇനിയും അനങ്ങാപ്പാറ നയം സ്വികരിക്കാതെ അടിയന്തിരമായി പരിഹാര നടപടികൾ സ്വികരിക്കണമെന്നാണ് പ്രദേശവാസികൾ പറയുന്നത്.