1

തൃക്കാക്കര: ബസ്‌ സ്റ്റാൻഡിലേക്ക് ബസുകൾ കയറ്റാനാവാതെ ഡ്രൈവർമാർ കുഴങ്ങുന്നു. ജില്ലാ ആസ്ഥാനത്തെ മുനിസിപ്പൽ ബസ്‌സ്റ്റാൻഡിലേക്കുള്ള പ്രവേശന കവാടം അധികൃതർ തന്നെ അടച്ചുപൂട്ടിയതാണ് കാരണം. തൃക്കാക്കര നഗരസഭ ഓഫിസ് വിപുലീകരണത്തിനിടെയാണ് വഴി ഇല്ലാതായത്. കളക്ടറേറ്റ് ഭാഗത്തു നിന്നു വരുന്ന ബസുകൾ സ്റ്റാൻഡിലേക്കു തിരിഞ്ഞു കയറുന്ന ഭാഗമാണ് നഗരസഭ അടച്ചു പൂട്ടിയത്. ഇവിടം ടൈൽ പാകി നഗരസഭ വാഹനങ്ങളുടെ പാർക്കിംഗ് കേന്ദ്രവും ടീ സ്റ്റാളും സ്ഥാപിച്ചു. ഇതോടെ ബസുകൾക്കു സ്റ്റാൻഡിലേക്കു കയറാൻ വഴിയില്ലാതായി. ദീർഘ സമയം പാർക്കു ചെയ്യേണ്ട ബസുകൾ മാത്രം സീപോർട്ട് എയർപോർട്ട് റോഡു വഴി സ്റ്റാൻഡിൽ പ്രവേശിച്ചു പാർക്ക് ചെയ്യുന്നുണ്ട്. അടച്ചു പൂട്ടിയ വഴിക്കു പകരം പുതിയ വഴി നിർമിക്കാൻ സ്ഥലം നഗരസഭ പഴയ മാലിന്യ സംഭരണ കേന്ദ്രത്തിന് സമീപത്തുകൂടി കണ്ടെത്തിയിട്ടുണ്ടെങ്കിലും നിർമാണം ആരംഭിച്ചിട്ടില്ല. സ്റ്റാൻഡിൽ കയറാത്ത സ്വകാര്യ ബസുകൾ റോഡിൽ കെട്ടിക്കിടക്കുന്ന സ്ഥിതിയാണ്. കലക്ടറേറ്റിനും ജില്ലാ പഞ്ചായത്തിനും ഇടയിലുള്ള തിരക്കേറിയ റോഡാണു ബസുകൾ സ്വയം സ്റ്റാൻഡായി പ്രഖ്യാപിച്ചിരിക്കുന്നത്. യാത്രക്കാരുടെ സൗകര്യാർത്ഥം രണ്ടോ മൂന്നോ ബസുകൾ ഇവിടെ പാർക്ക് ചെയ്യാമെന്ന നിർദേശം മുതലാക്കിയാണു ഏഴും എട്ടും ചിലപ്പോൾ അതിൽ കൂടുതലും ബസുകൾ ഒരേസമയം ഇവിടം താവളമാക്കുന്നത്. റോഡിൽ നിരനിരയായി ബസുകൾ നിറയുമ്പോൾ നടു റോഡിലേക്കു കയറ്റിയും ബസുകൾ പാർക്ക് ചെയ്യുന്നു.ഇതോടെ ഇതുവഴി ഈ പ്രദേശം കുരുത്തത് ഗതാഗതക്കുരുക്കിലേക്ക് മാറും.


 നഗരസഭയുടെ ബസ് സ്റ്റാന്റിലേക്ക് ബസുകൾ കയറ്റാൻ നടപടി സ്വീകരിക്കണം,കാക്കനാട് ബസ് സ്റ്റാന്റിൽ അടിസ്ഥാന സൗകര്യം ഒന്നും ഒരുക്കിയിട്ടില്ല.ഡ്രൈവർമാർക്കും,യാത്രക്കാർക്കും ശുചിമുറികൾ പോലും ഒരുക്കാൻ നഗരസഭയ്ക്ക് കഴിഞ്ഞിട്ടില്ല.ബസ് സ്റ്റാൻഡ് ആകെ പൊട്ടിപൊളിഞ്ഞ അവസ്ഥയിലാണ്.പരിഹാരം കാണണം

കെ.എ നജീബ്
സംസ്ഥാന ജോ.സെക്രട്ടറി
കേരള ബസ് ട്രാൻസ്‌പോർട്ട്‌ അസോസിയേഷൻ

ലോക്ക് ഡൗൺ കഴിഞ്ഞ് ഗതാഗതം സാധാരണ നിലയിലേക്ക് വരുന്നതോടെ കളക്ടറേറ്റിന് വടക്ക് വശത്തെ അശാസ്ട്രീയമായ ബസ് സ്റ്റോപ്പ് മൂലം ഗതാഗതക്കുരുക്ക് രൂക്ഷമാകും. നഗരസഭ ബസ് സ്റ്റാൻഡിലേക്ക് ബസുകൾ കയറ്റുന്നതിന് സാധിക്കാത്തതാണ് പ്രധാനമായും ഗതാഗതക്കുരുക്കിന് കാരണം.ഇതോടെ കാക്കനാട് ജംഗ്ഷൻ പൂർണമായും ഗതാഗതക്കുരുക്കിൽ അകപ്പെടും.നഗരസഭ അടിയന്തിരമായി ബസുകൾ സ്റ്റാന്റിലേക്ക് കയറ്റുന്നതിന് സൗകര്യം ഒരുക്കണം.

കെ.സി വാസു
പൊതുപ്രവർത്തകൻ