പറവൂർ: രണ്ടാമത്തെ ഡോസ് കൊവിഡ് വാക്സിനേഷൻ ലഭിക്കാത്തതിനാൽ ഒരു പ്രദേശത്തെ നൂറുകണക്കിനു പേർ ആശങ്കയിൽ. തെക്കുംപുറം എസ്.എൻ.ഡി.പി ശാഖയിൽ നടന്ന ഒന്നാം ഡോസ് വാക്സിനേഷൻ ലഭിച്ചവർക്കാണ് രണ്ടാം ഡോസിനുള്ള അവസാന ദിവസത്തോട് അടുത്തിട്ടും വാക്സിൻ ലഭിക്കാത്തത്. ചേന്ദമംഗലം ഗ്രാമപഞ്ചായത്തിലെ 10, 11 വാർഡുകളിലുള്ള 388 പേരാണ് ഏപ്രിൽ പത്തിന് ഒന്നാം ഡോസ് സ്വീകരിച്ചത്. ഇതിൽ ഭൂരിഭാഗം പേരും ആറുപത് വയസിനു മുകളിലുള്ളവരാണ്. ചേന്ദമംഗലം ഗ്രാമപഞ്ചായത്തിൽ ഗോതുരുത്ത് ഹെൽത്ത് സെന്ററിലാണ് നിലവിൽ വാക്സിൻ നൽകുന്നത്. 150 പേർക്കാണ് ഒരു ദിവസം. ഇതിൽ 70 പേർക്ക് മാത്രമാണ് പഞ്ചായത്ത് മുഖേന വാക്സിൻ ലഭിക്കുന്നത്. മറ്റു 80 ഡോസും ഓൺലൈനായി ബുക്ക് ചെയ്തവർക്കാണ് നൽകുന്നത്. രണ്ടാം ഡോസ് വാക്സിൻ നൽകണമെന്ന് ആവശ്യപ്പെട്ട് വാർഡ് മെമ്പർമാർ ബന്ധപ്പെട്ട അധികൃതരെ ആഴ്ചകളായി സമീപിച്ചിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ല. ജില്ലാകളക്ടർക്ക് ഇതു സംബന്ധിച്ച് പരാതി നൽകിയിട്ടുണ്ട്. ഈ വിഷയം പ്രതിപക്ഷ നേതാവ് അടക്കമുള്ള ജനപ്രതിനിധികളുടെ ശ്രദ്ധയിൽപ്പെടുത്തിയട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.