leprosy

കൊച്ചി: കുഷ്ഠരോഗം ജില്ലയിൽ കുറഞ്ഞു വരുന്നതായി കണക്കുകൾ. 2021 ഏപ്രിൽ മുതൽ ഇതുവരെ ജില്ലയിൽ മൂന്ന് പുതിയ രോഗികളെ മാത്രമാണ് കണ്ടെത്തിയത്. ആകെ 30 പേരാണ് ചി​കി​ത്സയി​ലുള്ളത്. 2017 മുതൽ ഇതുവരെ കുട്ടി​കൾക്കിടയി​ൽ നിന്ന് ഒരാൾക്കു മാത്രമാണ് രോഗം കണ്ടെത്തിയത്.

ശരീരലക്ഷണങ്ങൾ നോക്കി കുഷ്ഠം തിരിച്ചറിയാം. ജില്ലയിലെ എല്ലാ സർക്കാ‌ർ ആശുപത്രിയിലും ചികിത്സയുണ്ട്.

ചികിത്സ രണ്ടു തരം

മൾട്ടിബേസിലറി (എം.ബി), പോസിബേസിലറി (പി.ബി) വിഭാഗങ്ങൾക്ക് രണ്ട് തരം ചി​കി​ത്സയാണ് നൽകുന്നത്. മൾട്ടിബേസിലറി വിഭാഗം12 മാസം ചികിത്സയി​ൽ കഴി​യണം. പോസിബേസിലറിക്കാർ ആറുമാസവും.

മുൻവർഷങ്ങളിലെ രോഗി​കളുടെ എണ്ണം

2017-18- എം.ബി-27, പി.ബി-10, ആകെ-30

2018-19- എം.ബി-47, പി.ബി-7, ആകെ-54

2019-20- എം.ബി-34, പി.ബി-4, ആകെ-38

2020-21- എം.ബി-23, പി.ബി-3, ആകെ-26

ലക്ഷണങ്ങൾ

• നെറ്റിയിലോ കവിളുകളിലോ നിറം മങ്ങിയതോ ചുവന്നതോ ആയ പാടുകൾ

• എണ്ണ പുരണ്ടതുപോലെയുള്ള ചർമ്മം

• കണ്ണുകൾ പൂ‌ർണ്ണമായി അടയാതിരിക്കുക

• കൺപീലികളും പുരികവും കൊഴിയുക

• മൂക്ക് തടിച്ച് പതിഞ്ഞിരിക്കുക

• ചെവിയിൽ തടിപ്പ്, മുഴകൾ എന്നിവ കാണുക

• രോമം കൊഴിയുക, വിയർക്കുക

• കഴുത്ത് നെഞ്ച്, വയർ, പൃഷ്ടഭാഗം എന്നിവിടങ്ങളിൽ പാടുകൾ കാണപ്പെടാം. രോമങ്ങൾ കൊഴിയാം

• കൈകാലുകളിൽ നിറവ്യത്യാസം, നാഡീ ഞരമ്പുകളിൽ തടിപ്പ്, മസിലുകൾക്ക് ശോഷണം,

• വിരലുകൾ വളയുക, കൈകൾ കൊണ്ട് മുറുകെ പിടിക്കാനുള്ള ബുദ്ധിമുട്ട്

• പാദം ഉയർത്തി നടക്കാനുള്ള ബുദ്ധിമുട്ട്, മരവിപ്പ്, വേദനയില്ലാത്ത വ്രണങ്ങൾ

അശ്വമേധം

ദേശീയ കുഷ്ഠരോഗ നിർമാർജന പരിപാടിയുടെ ഭാഗമായി കുഷ്ഠരോഗ നിർണയ യജ്ഞം 'അശ്വമേധം' നാലാംഘട്ടം ജില്ലയിൽ 15ന് ആരംഭിച്ചു. 6,870 സന്നദ്ധ പ്രവർത്തകർ ഭവനങ്ങളും സന്ദർശിച്ച് രോഗലക്ഷണങ്ങൾ സംശയിക്കുന്നവരെ കണ്ടെത്തി​ ചി​കി​ത്സ നൽകും. 2022 ഫെബ്രുവരി 28 വരെയാണ് പരിപാടി.

ജില്ലയിൽ ആശ്വാസം

ഓരോ വർഷം കഴിയുമ്പോഴും ജില്ലയിൽ കുഷ്ഠരോഗികളുടെ എണ്ണം കുറയുന്നത് ആശ്വാസകരമാണ്.

ഡോ.കെ.സവിത,ജില്ലാ ലെപ്രസി ഓഫീസർ