ആലുവ: കൊവിഡ് ബാധിതനായി മരിച്ച യുവകാർട്ടൂണിസ്റ്റ് ഇബ്രാഹിം ബാദുഷയെ അനാദരിച്ചതായി ആരോപിച്ച്, കാർട്ടൂൺ സംഘടനകൾ നടത്തിയ ദ്വിദിന ക്യാമ്പിൽ യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം.
കേരള കാർട്ടൂൺ അക്കാദമി മുൻ വൈസ് ചെയർമാനും സാമൂഹ്യ ബോധവത്കരണ കാമ്പയിനുകളിലൂടെ ശ്രദ്ധേയനുമായ ഇബ്രാഹിം ബാദുഷയെ അദ്ദേഹത്തിന്റെ സ്വന്തം നാട്ടിൽ നടത്തിയ യോഗത്തിൽ അനുസ്മരിക്കാൻ പോലും സംഘടന തയ്യാറായില്ലെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. ക്യാമ്പ് നടക്കുന്ന തോട്ടുമുഖം വൈ.എം.സി.എ ഹാളിനകത്ത് കയറി സംഘാടകർക്കെതിരെ യൂത്ത് കോൺഗ്രസുകാർ കരിങ്കൊടി കാണിക്കുകയായിരുന്നു. തുടർന്ന് പ്രതിഷേധക്കാർ പ്രതീകാത്മകമായി ഇബ്രാഹിം ബാദുഷായെ അനുസ്മരിക്കുകയും ചെയ്തു.
നേരത്തെ കാർട്ടൂൺ അക്കാദമിയുടെ വൈസ് ചെയർമാനായിരിക്കെ ചെയർമാനുമായുണ്ടായ അഭിപ്രായ വ്യത്യാസത്തിന്റെ തുടർച്ചയായിട്ടാണ് അവഗണനയെന്നും യൂത്ത് കോൺഗ്രസ് ആരോപിച്ചു.
യൂത്ത് കോൺഗ്രസ് ആലുവ നിയോജക മണ്ഡലം പ്രസിഡന്റ് ഹസീം ഖാലിദ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ലിന്റൊ പി. ആന്റു പ്രതിഷേധം ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായ സിറാജ് ചേനക്കര, രാജേഷ് പുത്തനങ്ങാടി, കെ.ബി. നിജാസ്, ഫസൽ വാരിക്കാട്ട്കുടി, ജോണി ക്രിസ്റ്റഫർ, ആൽഫിൻ രാജൻ, അനീഷ് കോമ്പാറ, മുഹമ്മദ് ഷാഫി, അൽഅമീൻ അഷ്രഫ്, എം.ഐ. ഇസ്മായിൽ, എം.എ.കെ. നജീബ്, മുഹമ്മദ് താഹിർ, അനസ് പള്ളിക്കുഴി, അമൽ ജോൺ തുടങ്ങിയവർ നേതൃത്വം നൽകി.