shijimanoj
ആറൂർ വളവിൽ ഷിജിമനോജ് തന്റെ വഴിയോര കച്ചവട സ്റ്റാളിൽ

മൂവാറ്റുപുഴ: കൊവിഡ് ആറൂർ വളവിലെ പഴവർഗ്ഗ കച്ചവടക്കാരുടെ ജീവിതം ദുരിതത്തിലാക്കി. മൂവാറ്റുപുഴ - കോട്ടയം എം.സി റോഡിൽ ആറൂർ വളവിൽ പഴവർഗ്ഗങ്ങളും, ജ്യൂസും വില്പന നടത്തി ഉപജീവനം നടത്തുന്ന 15 കുടുംബങ്ങളാണുള്ളത്. കൊവിഡ് വ്യാപനം കൂടിയതോടെ ഇവരുടെ ജീവിതം താളം തെറ്റി. പ്രധാനമായി പൈനാപ്പിളും,കരിക്കും, ചെറിയതോതിൽ മറ്റുപഴവർഗ്ഗങ്ങളും നൽകുന്നതോടൊപ്പം ഫ്രഷ് ജ്യൂസും നൽകുന്നതിനാൽ വാഹനയാത്രക്കാർ ഇവിടെ വാഹനം നിർത്തി ജ്യൂസ് കഴിച്ച് പഴവർഗ്ഗങ്ങൾ വാങ്ങി പോകുക പതിവായിരുന്നു. വാഹനങ്ങൾക്ക് പാർക്ക് ചെയ്യുന്നതിന് ഇവിടെ ധാരാളം സൗകര്യം ഉണ്ടെന്നുള്ളതാണ് ദീർഘ ദൂരയാത്രക്കാരെ ഇവിടേക്ക് ആകർഷിക്കുന്നത്. കൊവിഡ് വ്യാപനത്തിന് മുമ്പ് കുറഞ്ഞത് 150 വാഹനങ്ങളെങ്കിലും ഇവിടെ നിർത്തി പഴവർഗ്ഗങ്ങൾ വാങ്ങാറുണ്ടായിരുന്നെന്ന് കച്ചവടക്കാരിയായ ഷിജി മനോജ് പറഞ്ഞു. ഇൗസ്റ്റ് മാറാടി പുള്ളോർകുടിയിൽ ഷിജിമനോജ് ആറൂർ വളവിൽ വഴിയോരകച്ചവടവുമായി വന്നിട്ട് 10 വർഷത്തിലധികമായി. ദിവസവും 500രൂപയലധികം വരുമാനമുണ്ടായിരുന്നതായി ഷിജി പറഞ്ഞു. എന്നാൽ കൊവിഡ് വ്യാപനത്തോടെ കച്ചവടം മുടങ്ങി. കച്ചവടത്തിനായി വാങ്ങിവെച്ച പൈനാപ്പിളും, കരിക്കും, കരിമ്പും ചീത്തയാകുമ്പോൾ എടുത്തുകളയുകയാണ് ഇപ്പോൾ ചെയ്യുന്ന്. അതിന്റെ നഷ്ടം വേറേയാണെന്നും ഷിജിപറയുന്നു. ഇവരെ പോലെതന്നെയാണ് മറ്റ് വഴിയോരകച്ചവടക്കാരുടേയും അവസ്ഥ. കുടുംബശ്രീ വായ്പ, ചിട്ടി,എൽ.ഐ.സി, കറണ്ട് ചാർജ്, എല്ലാം കൃത്യമായി അടക്കാത്തതിനാൽ കുടിശിഖയാണ്.

കൊവിഡ് വ്യാപനത്തോടെ ദുരിതത്തിലായ വഴിയോരകച്ചവടക്കാരെ സഹായിക്കുന്നതിന് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടേയും സർക്കാരിന്റേയും സഹായം ഉണ്ടാകണമെന്നാണ് ഇവിടുത്തെ കച്ചവടക്കാരുടെ ആവശ്യം.