കൊച്ചി: സർക്കാർ അനുമതി നൽകിയെങ്കിലും ശക്തമായ കൊവിഡ് മാനദണ്ഡങ്ങൾ തയ്യാറാക്കിയ ശേഷം സംസ്ഥാനത്ത് ഷൂട്ടിംഗ് പുനരാരംഭിച്ചാൽ മതിയെന്ന് സിനിമ സംഘടനകളുടെ യോഗം തീരുമാനിച്ചു. മാനദണ്ഡങ്ങൾക്ക് നിർമ്മാതാക്കളും ഫെഫ്‌ക ഭാരവാഹികളും ചേർന്ന് ഇന്നു വൈകിട്ട് അന്തിമരൂപം നൽകും. ഇത് അംഗീകരിക്കുന്ന നിർമ്മാതാക്കൾക്ക് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഷൂട്ടിംഗിന് അനുമതി നൽകും. അനുമതി ലഭിക്കുന്ന സിനിമകളിൽ മാത്രമേ സംവിധായകർ ഉൾപ്പെടെ ഫെഫ്‌ക അംഗങ്ങൾ പ്രവർത്തിക്കൂ. അല്ലാത്ത ഷൂട്ടിംഗുകൾ അനുവദിക്കില്ലെന്ന് ഫിലിം ചേംബർ പ്രസിഡന്റ് ജി. സുരേഷ് കുമാർ, ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് എം. രഞ്ജിത്ത്, ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ എന്നിവർ പറഞ്ഞു.
പൊതു നിർദേശങ്ങൾ
ഷൂട്ടിംഗ് സ്ഥലം അണുവിമുക്തമായി സൂക്ഷിക്കും
പുറത്തുനിന്ന് ആരെയും പ്രവേശിപ്പിക്കില്ല
ഒരു ഡോസ് വാക്സിൻ എടുത്തവർക്ക് ജോലി
ആർ.ടി.പി.സി.ആർ ടെസ്റ്റിൽ നെഗറ്റീവാകണം
ഷൂട്ടിംഗ് സ്ഥലത്തിന് പുറത്തുപോകരുത്
ബ്രോ ഡാഡി തിരിച്ചുവരും
കേരളത്തിൽ അനുമതി ലഭിക്കാത്തതിനാൽ തെലങ്കാനയിലെ ഹൈദരാബാദിൽ ഷൂട്ടിംഗ് ആരംഭിച്ച മോഹൻലാൽ സിനിമയായ 'ബ്രോ ഡാഡി' തിരിച്ചെത്തും. നടൻ പൃഥ്വിരാജാണ് സംവിധായകൻ. മൂന്നു ദിവസം മുമ്പാണ് ചിത്രീകരണം ആരംഭിച്ചത്. രണ്ടാഴ്ച കഴിഞ്ഞ് ഷൂട്ടിംഗ് കേരളത്തിലേക്ക് മാറ്റുമെന്ന് നിർമാതാവ് ആന്റണി പെരുമ്പാവൂർ അറിയിച്ചു. ബ്രോ ഡാഡി ഉൾപ്പെടെ ഏഴു സിനിമകളാണ് കേരളത്തിന് പുറത്ത് ഷൂട്ടിംഗ് നടത്താൻ തീരുമാനിച്ചത്. മോഹൻലാൽ നായകനായി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന 'പതിനൊന്നാമൻ' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഇടുക്കിയിലും ആരംഭിക്കും.
അനുമതി
രോഗമുക്തി നിരക്ക് പ്രകാരം എ, ബി വിഭാഗങ്ങളിൽ ഉൾപ്പെടുന്ന പ്രദേശങ്ങളിലാണ് ഷൂട്ടിംഗിന് അനുമതി. കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
അനുമതി ലഭിക്കാത്തതിനാൽ മലയാള സിനിമ ഷൂട്ടിംഗുകൾ അന്യസംസ്ഥാനങ്ങളിലേക്ക് മാറ്റിയതിൽ പ്രതിഷേധം ഉയർന്നതോടെയാണ് സർക്കാർ ഇടപെട്ടത്.