മൂവാറ്റുപുഴ: കല്ലൂർക്കാട് തഴുവാംകുന്നിൽ വീട്ടമ്മയെ കുത്തി പരിക്കേൽപ്പിച്ച് പണവും സ്വർണ്ണാഭരണങ്ങളും തട്ടിയെടുത്ത കേസിൽ പിടിയിലായ കോട്ടയം മരിയത്തുരുത്ത് ശരവണ വിലാസത്തിൽ ഗിരീഷ്, സംഭവത്തിന് മൂന്നു ദിവസം മുമ്പും ഇവരുടെ വീട്ടിൽ വഴി ചോദിച്ച് എത്തിയിരുന്നതായി പൊലീസ് പറഞ്ഞു. കവർച്ച ലക്ഷ്യമിട്ട് എത്തിയ പ്രതി വീട്ടിൽ പുരുഷൻമാർ ഉണ്ടന്നു കണ്ടതോടെ കല്ലൂർക്കാട് പ്ലാന്തോട്ടം സണ്ണിയുടെ ഭാര്യ ഓമനയുടെ കൈയ്യിൽ നിന്ന് വെള്ളവും വാങ്ങിക്കുടിച്ച് തിരിച്ചു പോയി. സമീപത്തെ പല വീടുകളിലും ഇയാൾ വെള്ളം ചോദിച്ച് എത്തിയിരുന്നു. എല്ലാ വീട്ടിലും പുരുഷൻമാർ ഉണ്ടായിരുന്നതിനാൽ മോഷണം നടത്താതെ മടങ്ങുകയായിരുന്നു.

വെള്ളിയാഴ്ച രാവിലെ വീണ്ടും തഴുവാംകുന്നിൽ എത്തി പല വീടുകളിലും കയറിയെങ്കിലും കൂടുതൽ ആളുകൾ ഉള്ളതു കൊണ്ട് മടങ്ങുന്നതിനിടെയാണ് വീണ്ടും സണ്ണിയുടെ വീട്ടിൽ എത്തിയത്.

തലേദിവസം എത്തിയപ്പോൾ പോർച്ചിൽ കാർ ഉണ്ടായിരുന്നു. വെള്ളിയാഴ്ച കാർ ഇല്ലെന്നു കണ്ടതോടെ മറ്റാരും വീട്ടിലില്ലെന്നു മനസിലാക്കി വീട്ടിൽ കയറി ഓമനയെ ആക്രമിച്ച് ആഭരണങ്ങളും മറ്റുമായി കടക്കുകയായിരുന്നുവെന്ന് കല്ലൂർക്കാട് പ്രിൻസിപ്പൽ എസ്.ഐ ടി.എം. സൂഫി പറഞ്ഞു.

മോഷണം നടന്ന വീട്ടിൽ ശാസ്ത്രീയ അന്വേഷണ സംഘം പരിശോധന നടത്തി. പൊലീസിന്റെ പിടിയിലാകും മുമ്പ് പ്രതി എറിഞ്ഞു കളഞ്ഞ മൊബൈൽ ഫോൺ കണ്ടെത്തുന്നതിനും ശ്രമം ആരംഭിച്ചു.

കോട്ടയത്തെ വീട്ടിൽ നിന്ന് 15 വർഷം മുമ്പ് തമിഴ്നാട്ടിലേക്കു കടന്ന ഇയാൾ തമിഴ്നാട്ടിലും ആന്ധ്രയിലും വർഷങ്ങളോളം താമസിച്ച ശേഷമാണ് കേരളത്തിൽ മടങ്ങി എത്തിയത്.

മൂന്നു വർഷം മുമ്പ് വിവാഹിതനായ ശേഷംനെല്ലിമറ്റത്ത് താമസമാരംഭിക്കുകയായിരുന്നു. തമിഴ്നാട്ടിലും മറ്റും ബിസിനസുകളിൽ പങ്കാളിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് ഒട്ടേറെ പേരിൽ നിന്ന് പണം വാങ്ങിയിരുന്നതായും പൊലീസ് പറഞ്ഞു. ഈ പണം ആഡംബര ജീവിതത്തിനായി ചെലവഴിച്ചു. വീണ്ടും പണം കിട്ടാതെ വന്നതോടെയാണ് മോഷണത്തിന് തീരുമാനിച്ചത്. ഒരാഴ്ച മുമ്പ് തൊടുപുഴയിലെ ലോഡ്ജിൽ മുറി എടുത്ത് താമസിച്ച ശേഷമാണ് മോഷണം ആസൂത്രണം ചെയ്തതെന്ന പ്രതി സമ്മതിച്ചു.