പെരുമ്പാവൂർ: കൂവപ്പടി ഗ്രാമ പഞ്ചായത്തിലെ പ്രധാന ചിറകളിലൊന്നായ റാങ്ങ്യേത്ത് ചിറയുടെ ശുചീകരണത്തിന് തുടക്കമായി.കൂവപ്പടി ഗ്രാമ പഞ്ചായത്ത് 2019 - 20 വർഷത്തെ പദ്ധതിയിൽ തുക അനുവദിച്ചെങ്കിലും കൊവിഡ് സാഹചര്യം മൂലം ഇപ്പോഴാണ് പണികൾ ആരംഭിക്കാൻ കഴിഞ്ഞത്. 8.5 ലക്ഷം രൂപയുടെ പ്രവർത്തികളാണ് നടക്കുക.

പായലും ചെടികളും നിറഞ്ഞ ചിറ നിലവിൽ ഉപയോഗശൂന്യമായ അവസ്ഥയിലായിരുന്നു.കയ്യുത്യാൽ വാട്ടർ സപ്ലെ പദ്ധതിയുടെ ജലസ്രോതസുകൂടിയാണ് ചിറ. പല ഘട്ടങ്ങളിലായി ചിറയുടെ സംരക്ഷണത്തിന് നടപടികൾ എടുത്തിരുന്നു. തൊഴിലുറപ്പ് പദ്ധതിയിൽപ്പെടുത്തി ഫലവൃക്ഷത്തൈകൾ ചിറയുടെ വശങ്ങളിൽ നട്ടിരുന്നു.
നൂറ്റാണ്ടുകളുടെ പഴക്കമുള്ള ചിറ കാർഷിക മേഖലയെ ആശ്രയിച്ച് ഉപജീവനം നടത്തിയിരുന്ന പൂർവ്വികർ നിർമ്മിച്ചതാണ് കൃഷിയ്ക്കും ജലസേചനത്തിനുമായിട്ടാണ് ചിറ നിർമ്മിച്ചത്. ഈ പ്രദേശത്തിന്റെ പ്രധാന ജലസ്രോതസായ ചിറയുടെ സംരക്ഷണ പ്രവർത്തികൾ നടത്തുന്നതോടൊപ്പം ടൂറിസം വികസനവും നടപ്പിലാക്കണമെന്നാണ് നാട്ടുകാരുടെ അഭിപ്രായം. ശുചീകരണ പ്രവർത്തികളുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനി ബാബു നിർവഹിച്ചു.പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലെ ടൂറിസം സാധ്യതകൾ പരിശോധിച്ച് ത്രിതല പഞ്ചായത്തുകളുടെ സഹകരണത്തോടെ കൂവപ്പടി ഗ്രാമ പഞ്ചായത്തിന്റെ സമഗ്ര ടൂറിസം പദ്ധതി തയ്യാറാക്കുമെന്നും ഇതിൽ റാങ്ങ്യേത്ത് ചിറക്ക് മുന്തിയ പരിഗണന നൽകി സംസ്ഥാന ടൂറിസം വകുപ്പിന് നൽകുമെന്ന് പ്രസിഡന്റ് മിനി ബാബു പറഞ്ഞു. ജില്ലാ പഞ്ചായത്തംഗം മനോജ് മൂത്തേടൻ, ബ്ലോക്ക് വൈസ് പ്രസിഡന്റ് മോളി തോമസ്, പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷമാരായ സിന്ധു അരവിന്ദ്, ജിജി ശെൽവരാജ്, പഞ്ചായത്തംഗങ്ങളായ ഹരിഹരൻ പടിക്കൽ , എം.ഒ.ജോസ് , സാജു എം.വി , നിത പി.എസ്, ബിന്ദു കൃഷ്ണകുമാർ , എം. നവ്യ, മരിയ മാത്യം, മുൻ പഞ്ചായത്തംഗം ജെസി ഷിജി ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ എം.പി. പ്രകാശ്, ജോൺസൻ തോപ്പിലാൻ ,ബാബു വർഗീസ് എന്നിവർ പങ്കെടുത്തു.