cial
സിയാൽ രണ്ടാം ടെർമിനലിന്റെ നവീകരണ പദ്ധതി മാനേജിങ് ഡയറക്ടർ എസ്. സുഹാസ് വിലയിരുത്തുന്നു. എയർപോർട്ട് ഡയറക്ടർ എ.സി.കെ നായർ, എക്‌സിക്യൂട്ടീവ് ഡയറക്ടർ എ.എം ഷബീർ തുടങ്ങിയവർ സമീപം

30,000 ചതുരശ്രയടിയിൽ ബിസിനസ് ജെറ്റ് ടെർമിനൽ

നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ പഴയ ആഭ്യന്തര ടെർമിനലായ ടെർമിനൽ-രണ്ട് നവീകരണത്തിന് തുടക്കമായി. ബിസിനസ് ജെറ്റ് ടെർമിനൽ, വി.വി.ഐ.പി. സുരക്ഷിത മേഖല, കുറഞ്ഞ ചെലവിൽ ലഘുനേര താമസത്തിനായി ബഡ്ജറ്റ് ഹോട്ടൽ എന്നിവ ഇവിടെ ഒരുക്കാനാണ് പദ്ധതി.

2019 ൽ ആഭ്യന്തര വിമാന സർവീസ് ഓപ്പറേഷൻ പുനരുദ്ധരിച്ച ഒന്നാം ടെർമിനലിലേക്ക് മാറ്റിയിരുന്നു. ഇതോടെ രണ്ടാം ടെർമിനലിന്റെ പ്രവർത്തനം അവസാനിപ്പിച്ചു. വ്യോമയാന ഇതര വരുമാന മാർഗങ്ങൾ വർധിപ്പിക്കാനുള്ള സിയാലിന്റെ പദ്ധതിയുടെ ഭാഗമായാണ് രണ്ടാം ടെർമിനലിന്റെ നവീകരണം. പദ്ധതിയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ അദ്ധ്യക്ഷനായ ഡയറക്ടർ ബോർഡിന്റെ അംഗീകാരം ലഭിച്ചതായി സിയാൽ മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ് അറിയിച്ചു.

പുതിയ വരുമാന മാർഗങ്ങൾ കണ്ടെത്താനുള്ള നിരവധി പദ്ധതികൾക്ക് സിയാൽ രൂപം നൽകുന്നത്. വിമാനത്താവളത്തിന് സമീപം പഞ്ചനക്ഷത്ര ഹോട്ടലിന്റെ നിർമ്മാണം പുരോഗമിക്കുന്നുണ്ട്.

ടെർമിനൽ രണ്ടിൽ മൂന്ന് തരത്തിലുള്ള പ്രവർത്തനമാണ് ഉദ്യേശിക്കുന്നത്. ഭാവിയിൽ ബിസിനസ് ജെറ്റുകൾ ധാരാളമായി കൊച്ചി വിമാനത്താവളത്തിലെത്തും. അവയ്ക്കായി മാത്രം ഒരു ടെർമിനൽ എന്നതാണ് പ്രധാനം. ഒരു ലക്ഷം ചതുരശ്രയടി വിസ്തീർണമുള്ള രണ്ടാം ടെർമിനൽ മൂന്ന് ബ്ലോക്കായി തിരിക്കും. 30,000 ചതുരശ്രയടിയുള്ള ഒന്നാം ബ്ലോക്കിൽ ബിസിനസ് ജെറ്റ് ടെർമിനൽ നിർമിക്കും. മൂന്ന് എക്‌സിക്യൂട്ടീവ് ലോഞ്ചുകൾ, കസ്‌ററംസ്, എമിഗ്രേഷൻ സംവിധാനങ്ങൾ എന്നിവയും ഇവിടെയുണ്ടാകും.

രണ്ടാം ബ്ലോക്കിന് 10,000 ചതുരശ്രയടി വിസ്തീർണമുണ്ടാകും. വി.വി.ഐ.പി സ്ഥിരം സേഫ് ഹൗസ് ആണ് ഇവിടെ ഒരുക്കുന്നത്.

ശേഷിക്കുന്ന 60,000 ചതുരശ്രയടി സ്ഥലത്താണ് മൂന്നാം ബ്ലോക്ക്. 50 മുറികളുള്ള ബഡ്ജറ്റ് ഹോട്ടലാവും പണികഴിപ്പിക്കുക. വാടക പ്രതിദിന നിരക്കിൽ ഈടാക്കുന്നതിന് പകരം മണിക്കൂർ നിരക്കിൽ ഈടാക്കുന്നതോടെ ലഘുസന്ദർശനത്തിനെത്തുന്ന യാത്രക്കാർക്ക് കുറഞ്ഞ ചെലവിൽ വിമാനത്താവളത്തിൽത്തന്നെ താമസിക്കാനുള്ള സൗകര്യം ലഭ്യമാകും.

ഒന്ന്, രണ്ട് ബ്ലോക്കുകൾ ഒരുവർഷത്തിനകം പൂർത്തിയാക്കാനാണ് സിയാൽ പദ്ധതിയിടുന്നത്. വ്യോമേതര വരുമാനം വർധിപ്പിക്കാൻ നിരവധി പദ്ധതികൾക്ക് സിയാൽ രൂപം നൽകി. മൊത്ത വരുമാനത്തിന്റെ വ്യോമേതര സ്രോതസ് 60 ശതമാനമാക്കും.