prasanna
ലുലു മിഡീയ കോഓർഡിനേറ്റർ എൻ.ബി. സ്വരാജ് പ്രസന്നയ്ക്കൊപ്പം

കൊച്ചി: ഏക ജീവിതമാർഗമായ കട വാടക കുടിശികയെ തുടർന്ന് തുറക്കാൻ കഴിയാതെ ബുദ്ധിമുട്ടിലായ പ്രസന്നയ്ക്ക് കൈത്താങ്ങുമായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി. താന്തോന്നി തുരുത്ത് സ്വദേശിയായ പ്രസന്നയുടെ (54) എറണാകുളം മറൈൻ ഡ്രൈവിലെ കട വാടക നൽകാത്തതിന് ജി.സി.ഡി.എ അധികൃതർ അടച്ച് പൂട്ടിയിരുന്നു. തുടർന്ന് നാല് ദിവസമായി കടയ്‌ക്ക് മുന്നിൽ സമരത്തിലായിരുന്നു പ്രസന്ന. 9 ലക്ഷം രൂപ അടയ്ക്കാനുണ്ടെന്നാണ് ജി.സി.ഡി.എയുടെ വാദം. ഇത് നൽകാനാകാതെ വിഷമിച്ച പ്രസന്നയ്ക്ക് അപ്രതീക്ഷി​തമായാണ് യൂസഫലി​യുടെ സഹായം എത്തി​യത്. പ്രസന്നയുടെ പേരിലുള്ള മുഴുവൻ കുടിശികയും അടയ്ക്കുമെന്ന് അദ്ദേഹം അറിയിച്ചു. കടയിലേക്ക് വിൽപ്പനയ്ക്കുവേണ്ട സാധനങ്ങൾ വാങ്ങാൻ രണ്ടു ലക്ഷം രൂപയും നൽകും.

മാനസിക വെല്ലുവിളി നേരിടുന്ന മകളെ വളർത്താനായാണ് പ്രസന്ന കട ആരംഭിച്ചത്. ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം 2015ലാണ് ഇവർക്ക് തറവാടക ഈടാക്കി ഇവിടെ കട തുടങ്ങാൻ അനുമതി നൽകിയത്. ഇപ്പോൾ മാസം 13,800 രൂപയാണ് വാടക. മൂന്നര ലക്ഷം രൂപ വായ്പയെടുത്ത് കട പണിതു. പ്രളയവും ലോക്ക്ഡൗണും നടപ്പാത നവീകരണവുമെല്ലാം കാരണം രണ്ട് വർഷമായി കച്ചവടം നന്നായി നടന്നി​ല്ല.

ഇത് വാർത്തയായതോടെ യൂസഫലിയുടെ നിർദ്ദേശത്തെ തുടർന്ന് എത്തിയ ലുലു ഗ്രൂപ്പ് മീഡിയ കോഓർഡിനേറ്റർ എൻ.ബി.സ്വരാജ് തുക അടയ്ക്കുമെന്ന വിവരം പ്രസന്നയെ അറിയിച്ചു. ഇന്നലെ തന്നെ കുടിശിക തുക മുഴുവൻ അടയ്ക്കാൻ ജി.സി.ഡി.എ ചെയർമാനുമായി ബന്ധപ്പെട്ടെങ്കിലും ഓഫീസ് അവധിയായതിനാൽ നടന്നില്ല. ഇന്ന് രാവിലെ തന്നെ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ജി.സി.ഡി.എ ചെയർമാൻ വി. സലിം അറിയിച്ചു.