കൊച്ചി: സർക്കാർ ഭൂമിയിൽ അനധികൃത നിർമ്മാണമെന്ന് ആരോപിച്ച് മിനിക്കോയ് ദ്വീപിലെ അൽ മദ്രസത്തുൽ ഉലൂമിയക്ക് ലക്ഷദ്വീപ് ഭരണകൂടം കാരണം കാണിക്കൽ നോട്ടീസ് നൽകി.

1965ലെ ലക്ഷദ്വീപ് ലാൻഡ് റവന്യു ആൻഡ് ടെനൻസി റെഗുലേഷൻ ലംഘിച്ച് ഭൂമി കൈയേറിയാണ് മദ്രസ നിർമ്മിച്ചതെന്ന് നോട്ടീസിൽ പറയുന്നു. 26ന് മുമ്പ് മറുപടി നൽകിയില്ലെങ്കിൽ എതിർപ്പില്ലെന്ന് കണക്കാക്കി മുൻകൂട്ടി അറിയിക്കാതെ തുടർനടപടികൾ സ്വീകരിക്കുമെന്നും മദ്രസ പ്രസിഡന്റിന്റെ പേരിലയച്ച നോട്ടീസിലുണ്ട്. വർഷങ്ങളായി ഇവിടെ സ്ഥിതി ചെയ്യുന്നതാണ് മദ്രസയെന്ന് ലക്ഷദ്വീപ് നിവാസികൾ പറഞ്ഞു. പ്രശ്നം പഠിച്ച ശേഷം നിയമനടപടികളെക്കുറിച്ച് ആലോചിക്കുമെന്ന് സേവ് ലക്ഷദ്വീപ് ഫോറം കോഓർഡിനേറ്റർ ഡോ. മുഹമ്മദ് സാദിഖ് പറഞ്ഞു.

അനധികൃത നിർമ്മാണത്തിന്റെ പേരിൽ കൽപേനി ദ്വീപിലും ഏതാനും കെട്ടിട ഉടമകൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്.