കോലഞ്ചേരി: കൊവിഡിനിടയിൽ പിടിച്ചു നിൽക്കാനാകാതെ സ്വകാര്യ അനാഥ മന്ദിരങ്ങളും, മാനസീക ദൗർബല്ല്യ കേന്ദ്രങ്ങളും. സ്വകാര്യ വ്യക്തികളിൽ നിന്നും സന്നദ്ധ സംഘടനകളിൽ നിന്നും ലഭിക്കുന്ന സഹായം കൊണ്ടായിരുന്നു ഇവരിൽ നല്ലൊരു വിഭാഗവും മുന്നോട്ട് പോയിരുന്നത്. വളരെ തുഛമായ ഗ്രാന്റ് മാത്രമാണ് പലർക്കും ലഭിക്കുന്നത്. കൊവിഡിനിടയിൽ നിലച്ചു പോയ ഇത്തരം സഹായങ്ങൾ ഇവരു‌ടെ നിലനിൽപിനെ തന്നെ ബാധിച്ചു. ഒപ്പം രോഗികളായവർക്ക് നൽകേണ്ട മരുന്നുകളുടെ വൻ വിലയും പ്രതിസന്ധി രൂക്ഷമാക്കി. മിക്കയിടത്തും കൊവിഡ് ബാധിച്ചവരുണ്ട്.മരണങ്ങളുമുണ്ട്. കൊവിഡ് അനന്തര പ്രശ്‌നങ്ങൾ നേരിടുന്നവരുമുണ്ട്. കൊവിഡ് സാഹചര്യത്തിൽ കൃത്യമായ മെഡിക്കൽ ക്യാമ്പോ തുടർപരിശോധനകളോ സർക്കാർതലത്തിൽ നിലവിൽ ലഭ്യമല്ല. കടക്കെണിയിലാണ് സ്ഥാപനങ്ങളേറെയും.മനോദൗർബല്യമുള്ളവർക്കു കൊവിഡ് ബാധിച്ചാൽ അവരെ പ്രത്യേകം പാർപ്പിക്കുന്നതു പോലും ഏറെ പ്രയാസകരമാണ്. ഇവർക്കുള്ള ഭൂരിഭാഗം മരുന്നുകളും സ്വകാര്യ പുനരധിവാസ കേന്ദ്രങ്ങൾ മരുന്നുകമ്പനികളിൽനിന്നു നേരിട്ടു വാങ്ങുകയാണ് പതിവ്. സർക്കാർ തലത്തിൽ മരുന്നുകൾ സൗജന്യമായി ലഭിച്ചാലേ ഇനിയും മുന്നോട്ടു പോകാനാവൂ എന്ന് കേന്ദ്രം നടത്തിപ്പുകാർ പറയുന്നു. ഒരുനേരം മരുന്നു മുടങ്ങിയാൽ അക്രമാസക്തരാകുന്നവരാണു കൂടുതൽ രോഗികളും. ഇവരെ മറ്റുള്ളവർക്കൊപ്പം താമസിപ്പിക്കാനാകില്ല. ഇതിനായി പ്രത്യേകം സെൽ ഇല്ലാത്തയിടങ്ങളുമുണ്ട്. ഭിന്നശേഷിക്കാരും ആലംബമില്ലാത്തവരും കുട്ടികളും അടങ്ങുന്ന അനാഥമന്ദിരങ്ങളിൽ സ്ഥലപരിമിതി കാരണം സാമൂഹിക അകലവും പ്രായോഗികമല്ല. നിശ്ചിത ഇടവേളകളിൽ കൊവിഡ് പരിശോധനകളും മെഡിക്കൽ ക്യാമ്പുകളും നടത്തിയാലേ രോഗികളെ മാ​റ്റിപ്പാർപ്പിക്കാനാവൂ. 4 പേർക്ക് ഒന്ന് എന്ന രീതിയിലാണു സർക്കാർ ഭക്ഷ്യക്കി​റ്റുകൾ കിട്ടുന്നത്. അതെങ്കിലും കൃത്യമായി കിട്ടണമെന്നാണു കേന്ദ്രം നടത്തിപ്പുകാരുടെ ആവശ്യം. മാനസികദൗർബല്യമുള്ളവരെ പരിചരിക്കുന്ന പുനരധിവാസ കേന്ദ്രങ്ങൾക്കു യൂണി​റ്റ് കണക്കാക്കിയാണ് സർക്കാർ ഗ്രാന്റ് അനുവദിക്കുന്നത്. ഒരു യൂണി​റ്റ് എന്നാൽ 50 രോഗികൾ. ആറും ഏഴും യൂണി​റ്റുകളുള്ള കേന്ദ്രങ്ങൾക്കു കഴിഞ്ഞ വർഷത്തേതായി ലഭിച്ചത് ഒ​റ്റ യൂണി​റ്റിനുള്ള ഗ്രാന്റ് മാത്രമാണെന്ന് ഇവർ പറയുന്നു. . ഒരാൾക്ക് 1000 രൂപ എന്ന നിലയിലെങ്കിലും സഹായം ലഭിക്കണമെന്നാണ് ഇവരുടെ ആവശ്യം. കൊവിഡ് പ്രതിസന്ധി മറി കടക്കാൻ അധികസഹായവും സർക്കാർ അനുവദിക്കണം. ക്ഷേമസ്ഥാപനങ്ങൾക്കുള്ള ദൈനംദിന സഹായങ്ങൾ മുടക്കം കൂടാതെ ലഭിക്കണം. സ്വകാര്യഅനാഥാലയങ്ങളെ സർക്കാർ കൈവിടരുതെന്നുമാണ് ഇവരുടെ ആവശ്യം.