കോലഞ്ചേരി: പണ്ടേ ദുർബല, ഇപ്പോൾ പട്ടിമറ്റം നെല്ലാട് റോഡിന്റെ കാര്യം അധോഗതിയിൽ തന്നെ. മഴ പെയ്തതോടെ കുഴികളിൽ ചെളി നിറഞ്ഞു. അതിനിടയിൽ പൈപ്പിടാനുള്ള പണി തകർത്തു നടക്കുന്നതോടെ റോഡരുകിലും ചെളി നിറഞ്ഞു. പൈപ്പിന് താഴ്ത്തിയ കുഴികൾ മൂടിയതോടെ മണ്ണ് ഉറയ്ക്കാത്തതിനാൽ വാഹനങ്ങൾ റോഡ് സൈഡിലിറങ്ങിയാൽ താഴുന്നതും പതിവായി. ഇതാണ് പട്ടിമറ്റം നെല്ലാട് റോഡിന്റെ ഇന്നത്തെ സ്ഥിതി. വർഷങ്ങളായി അറ്റകുറ്റ പണി ഇല്ലാതായതോടെ കാൽനട യാത്രപോലും ദുഷ്ക്കരമായ റോഡാണിത്.
മഴക്കു മുന്നെ അഡ്വ.പി.വി. ശ്രീനിജിൻ എം.എൽ.എ ഇടപെട്ട് താത്കാലീകമായി വലിയ കുഴികൾ അടച്ചെങ്കിലും മഴ കനത്തതോടെ കുഴി വീണ്ടും പഴയ പടിയായി.
കിഴക്കമ്പലം, മൂവാറ്റുപുഴ ഭാഗങ്ങളിലേക്കുള്ള വഴികളെല്ലാം തകർന്ന് തരിപ്പണമായി കിടക്കുകയാണ്. മൂവാറ്റുപുഴ ഭാഗത്തു നിന്നു വരുന്നവർ തട്ടാംമുഗളിൽ തിരിഞ്ഞ് മഴുവന്നൂർ കടയിരുപ്പ് വഴിയും കിഴക്കമ്പലത്തു നിന്നു വരുന്നവർ പഴന്തോട്ടം, പുളിഞ്ചുവട്, കടയിരുപ്പ് വഴിയും പോകുന്നു.
ഓരോ കുഴികളും ഒന്നരയടി വരെ താഴ്ന്ന ഗർത്തങ്ങളായ സ്ഥിതിയാണ്. കുഴികളിൽ വീണ് വാഹനങ്ങൾക്ക് കേടുപാട് പറ്റുന്നതിനാൽ നാലു ചക്ര, ഇരുചക്ര വാഹനങ്ങൾ കുഴിയുള്ള റോഡ് ഒഴിവാക്കി പോവുകയാണ്. കൂടാതെ പട്ടിമറ്റം ടൗണിൽ 150 ലധികം ഓട്ടോകളുണ്ട്. ഓട്ടോക്കാർക്കും ദുരിതമാണ് ഈ റോഡുകൾ. ഓട്ടവും കുറഞ്ഞു. ഓട്ടോകൾക്ക് അറ്റകുറ്റപ്പണി ഒഴിഞ്ഞ ദിവസവുമില്ല.റോഡുകളുടെ പണി എന്നു തുടങ്ങുമെന്ന കാര്യം അനിശ്ചിതമായി നീളുകയാണ്.
നിർമാണം അനിശ്ചിതത്ത്വത്തിൽ
കിഫ്ബി ഫണ്ടുപയോഗിച്ച് പണി തീർക്കേണ്ട റോഡിൽ നാളിതു വരെയായി ഒന്നു ചെയ്തിട്ടില്ല. ഇതേ റോഡിന്റെ ഭാഗമായ മനക്കക്കടവ് - പള്ളിക്കര, പട്ടിമറ്റം - പത്താംമൈൽ റോഡുകളുടെ നിർമ്മാണം പൂർത്തിയായിരുന്നു. എന്നാൽ ടെണ്ടറിൽ പറയുന്ന പണി പൂർത്തിയാക്കാൻ ഫണ്ട് തികയില്ലെന്ന ന്യായം പറഞ്ഞ് കരാറുകാരൻ നെല്ലാട് റോഡിന്റെ പണി ഉപേക്ഷിക്കുകയായിരുന്നു.
വ്യാപാരികൾക്ക് തിരിച്ചടി
റോഡ് നിർമാണം അനിശ്ചിതമായി നീളുന്നത് വ്യാപാരികൾക്കും തിരിച്ചടിയായി. മഴയായാൽ കടകളിലേക്ക് ചെളി തെറിക്കും, വെയിലായാൽ കടകളിൽ പൊടിനിറയും. വഴി കുളമായതോടെ ഇതേ വഴിയിലുള്ളവർ മറ്റിടങ്ങളിലെ വ്യാപാര സ്ഥാപനങ്ങളെയാണ് കച്ചവടത്തിനായി ആശ്രയിക്കുന്നത്. കൊവിഡിൽ പൊതുവെ കച്ചവടം കുറഞ്ഞു നിൽക്കുമ്പോഴാണ് ഇടിത്തീയായി വാഹനങ്ങളുടെ റൂട്ടു മാറ്റം കച്ചവടക്കാരെ ബാധിച്ചത്.