heroin

കൊച്ചി: ആഫ്രിക്കൻ ലഹരി സംഘങ്ങൾ നിയന്ത്രിക്കുന്ന അഫ്ഗാൻ ഹെറോയിൻ കടത്തിന്റെ രാജ്യത്തെ ഇടത്താവളമായി കൊച്ചി. കഴിഞ്ഞ ഒരു മാസത്തിനിടെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പിടിച്ചെടുത്ത 50 കോടി രൂപയുടെ ഹെറോയിൻ ഇതിനു തെളിവാണെന്ന് കേന്ദ്ര അന്വേഷണ ഏജൻസിയുടെ വിലയിരുത്തൽ. മറ്റ് വിമാനത്താവളങ്ങളെ അപേക്ഷിച്ച് ചെറുതും റോഡ് മാർഗം ലഹരി എത്തിക്കാൻ എളുപ്പവുമെന്നതാണ് മാഫിയകളുടെ കണ്ണ് കൊച്ചിയിലേക്ക് തിരിയാൻ കാരണം. മൂന്ന് കിലോ ഹെറോയിനുമായി സിംബാംബ്‌വേ സ്വദേശിനി പിടിയിലായതിന് പിന്നാലെയാണ് നാലരക്കിലോ ഹെറോയിനുമായി ടാൻസാനിയൻ പൗരൻ കുടുങ്ങിയത്. ഇതുവരെയില്ലാത്ത രീതിയിലാണ് രാജ്യാന്തര ലഹരിമരുന്ന് മാഫിയ ഹെറോയിൻ ഇന്ത്യയിലെത്തിക്കുന്നതിന് കൊച്ചിയെ ഇടത്താവളമാക്കുന്നത്.

അഫ്ഗാൻ-ആഫ്രിക്ക-കൊച്ചി

തീവ്രവാദ പ്രവർത്തനങ്ങൾക്കായുള്ള പണം കണ്ടെത്താൻ അഫ്ഗാനിസ്ഥാനിൽ നിർമ്മിക്കുന്ന ഹെറോയിൻ നേരത്തെ പാക്കിസ്ഥാനിൽ എത്തിച്ച് അവിടെ നിന്ന് കടത്തുകയാണ് സംഘം ചെയ്തിരുന്നത്. എന്നാൽ
ജമ്മു കാശ്മീർ, പഞ്ചാബ്, രാജസ്ഥാൻ അതിർത്തികളിൽ പരിശോധന കടുപ്പിച്ചതോടെ ഈ മാർഗം അടഞ്ഞു. പിന്നീട് ശ്രീലങ്കയിൽ നിന്ന് ബോട്ട് മാർഗമായി കടത്ത്. നേവിയും കോസ്റ്റൽ പൊലീസും കടലിൽ പരിശോധന കർശനമായതോടെയാണ് ഹെറോയിൻ വിമാനമാർഗം എത്തിക്കാൻ തുടങ്ങിയത്. കൊച്ചി പോലെയുള്ള ചെറുപട്ടണങ്ങളിൽ എത്തിച്ച് റോഡ് മാർഗം മുംബയ്, ഡൽഹി, ബംഗളൂരു , ഗോവ എന്നീ നഗരങ്ങളിലേക്ക് കടത്തുകയാണ് പുതിയ രീതി.

സംയുക്താന്വേഷണം

കൊച്ചി വിമാനത്താവളം വഴിയുള്ള വൻതോതിൽ ഹെറോയിൻ കടത്തി​നെക്കുറി​ച്ച് ഡി.ആർ.ഐ.യും എൻ.ഐ.എ.യും വിശദമായ അന്വേഷണം ആരംഭിച്ചു. രണ്ട് മാസത്തിനുള്ളിൽ കോടികളുടെ ഹെറോയിനാണ് രാജ്യത്ത് പിടിച്ചത്. ഭീകരപ്രവർത്തനങ്ങൾക്ക് പണം കണ്ടെത്തുന്നതിനായാണ് മയക്കുമരുന്ന് കടത്തുന്നതെന്ന് വിവരം ലഭിച്ചിട്ടുണ്ട്.

ഡൽഹിയിൽ കഴിഞ്ഞ ദിവസം 2500 കോടി രൂപയുടെ ഹെറോയിൻ പിടിച്ചിരുന്നു. കൂടാതെ മുംബൈയിൽ 2000 കോടി രൂപയുടെ ഹെറോയിൻ ഡി.ആർ.ഐ. പിടിച്ചു. അടുത്തിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഹെറോയിൻ പിടിച്ചിട്ടുണ്ട്. അതിനാൽ അതീവ ഗൗരവത്തോടെയാണ് അന്വേഷണ ഏജൻസികൾ കേസ് അന്വേഷിക്കുന്നത്.

അഴിക്കുള്ളിൽ 52 വിദേശികൾ
രാജ്യത്തേക്ക് ലഹരി കടത്തിയ കേസിൽ 52 പേരാണ് കേരളത്തിലെ വിവിധ ജയിലുകളിൽ കഴിയുന്നത്. ഇതിൽ നാലുപേർ ശിക്ഷിക്കപ്പെട്ടവരാണ്. 48 പേർ വിചാരണ നേരിടുന്നു. 2017-18 കാലയളവിൽ, എൻ.സി.ബി കൊച്ചിയിൽ അഞ്ച് കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. വെനിസ്വേല, പരാഗ്വേ, എൽ സാൽവഡോർ എന്നിവിടങ്ങളിൽ നിന്നുള്ള ആളുകളും അഴിക്കുള്ളിലായവരിലുണ്ട്.

ജില്ലയിൽ 2843 ലഹരി ഹോട്ട് സ്പോട്ടുകളെന്ന് കുടുംബശ്രീ

ജില്ലയിൽ അനധികൃത ലഹരി ഉപയോഗം നടക്കുന്ന 2843 ഹോട്ട് സ്‌പോട്ടുകൾ ഉള്ളതായി കുടുംബശ്രീ കണ്ടെത്തി. ഇതുസംബന്ധിച്ച വിശദാംശങ്ങൾ സാമൂഹ്യ നീതി വകുപ്പിനും എക്‌സൈസിനും കൈമാറും. 439 കുടുംബങ്ങളിൽ സ്ത്രീകൾ പീഡനത്തിനിരയാകുന്നതായും വിവരം ലഭിച്ചു. സൈബർ ജാലകം 8 എന്ന പേരിൽ ഒരാഴ്ച നടത്തിയ ഓൺലൈൻ സർവേയിലാണ് ഈ വസ്തുതകൾ പുറത്തുവന്നത്. 44653 പേരാണ് സർവേയിൽ പങ്കെടുത്തത്. ഇതിൽ 896 പേർക്ക് സ്ത്രീധനം നിയമം മൂലം നിരോധിച്ചിട്ടുണ്ട് എന്ന കാര്യത്തെ കുറിച്ച് അറിവുണ്ടായിരുന്നില്ല.

സാമൂഹ്യ നീതി വകുപ്പിന്റെ 'കൈകോർക്കാം ലഹരിക്കെതിരായ്, ലഹരി വിമുക്ത എറണാകുളം' എന്ന പരിപാടിയുടെ ഭാഗമായാണ് ലഹരിക്കെതിരെയുള്ള പ്രവർത്തനങ്ങളിൽ കുടുംബശ്രീയുടെ സ്‌നേഹിത പ്രത്യേക കാമ്പയിൻ നടത്തുന്നത്.സൈബർ ജാലകം 8 ൽ പങ്കെടുക്കാൻ കഴിയാത്തവർക്ക് നേരിട്ടും വിവരങ്ങൾ അറിയിക്കാം.സ്‌നേഹിത 1800 4255 5678