തിരുവനന്തപുരം സ്വദേശിയടക്കം രണ്ട് പേർ പിടിയിൽ
കൊച്ചി: മിനി ചരക്ക് വാഹനത്തിൽ രഹസ്യ അറ നിർമ്മിച്ച് കേരളത്തിലേക്ക് കഞ്ചാവ് കടത്ത് പതിവാക്കിയ രണ്ട് പേർ നാർക്കോട്ടിസ് കൺട്രോൾ ബ്യൂറോയുടെ (എൻ.സി.ബി) പിടിയിലായി. തിരുവനന്തപുരം കളിയക്കാവിള സ്വദേശി എം.ശ്രീനാഥ്, ഡ്രൈവറും ചെന്നൈ സ്വദേശിയുമായ ദുഭാഷ് ശങ്കർ എന്നിവരാണിവർ. 327.87 കിലോ ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.
രണ്ടാഴ്ചക്കിടെ എൻ.സി.ബി. ചെന്നൈ യൂണിറ്റ് നടത്തുന്ന രണ്ടാമത്തെ വലിയ കഞ്ചാവ് വേട്ടയാണിത്.
ശനിയാഴ്ച തമിഴ്നാട് ഉതുക്കോട്ടൈയിൽ നടത്തിയ വാഹന പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. ചരക്ക് വയ്ക്കുന്ന ഭാഗം കാലിയായിരുന്നു. സംശയം തോന്നി നടത്തിയ വിശദ പരിശോധനയിലാണ് രഹസ്യ അറ കണ്ടെത്തിയത്. 150 പാക്കറ്റുകളിലായിരുന്നു കഞ്ചാവ്. ആന്ധ്രയിലെ അന്നാവാരത്ത് നിന്ന് ശേഖരിച്ച കഞ്ചാവ് തിരുവനന്തപുരത്ത് എത്തിക്കുകയായിരുന്നു ലക്ഷ്യം.
ശങ്കറിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ എൻ.സി.ബി. കൊച്ചി യൂണിറ്റ് സൂപ്രണ്ട് ആഷിഷ് ഓജയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഞായറാഴ്ച തിരുവനന്തപുരത്ത് വച്ച് ശ്രീനാഥ് പിടിയിലായത്. തനിക്കായാണ് കഞ്ചാവ് കൊണ്ടുവന്നതെന്ന് ഇയാൾ അന്വേഷണ ഉദ്യോഗസ്ഥരോട് സമ്മതിച്ചു. നാല് വർഷമായി വിഴിഞ്ഞം കേന്ദ്രീകരിച്ച് കഞ്ചാവ് ഇടപാട് നടത്തി വരികയായിരുന്നു.
കടത്ത് കൂടുന്നു
ആന്ധ്ര, ഒഡീഷ അതിർത്തികളിലെ നക്‌സൽ ബാധിത പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് ഇന്ത്യയിലെ അനധികൃത കഞ്ചാവ് തോട്ടങ്ങളുള്ളത്. ഈ മേഖലയിൽ നിന്നുള്ള കഞ്ചാവ് ന്യൂഡൽഹി, മഹാരാഷ്ട്ര, രാജസ്ഥാൻ, തമിഴ്നാട്, കേരളം, പശ്ചിമ ബംഗാൾ എന്നിടങ്ങളിലേക്കാണ് പ്രധാനമായും കടത്തുന്നത്. തീരദേശങ്ങൾ വഴി ശ്രീലങ്കയിലേക്കും പോകുന്നുണ്ട്. ഹിമാചൽ പ്രദേശിലെയും ഉത്തരാഖണ്ഡിലെയും മലയോര പ്രദേശങ്ങളിലും ഇപ്പോൾ വ്യാപകമായി കഞ്ചാവ് കൃഷി ചെയ്യുന്നതായാണ് എൻ.സി.ബിയുടെ കണ്ടെത്തൽ. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും കഞ്ചാവ് തോട്ടങ്ങളുണ്ട്. ഇവിടങ്ങളിലേക്ക് എത്തിപ്പെടാൻ സാധിക്കാത്തതാണ് തുടരന്വേഷണങ്ങൾക്ക് തിരിച്ചടിയാകുന്നത്.
''കടത്തുകാർ വിവിധ തരം വാഹനങ്ങൾ ഉപയോഗിച്ച് കഞ്ചാവ് റോഡ് മാർഗം വലിയ അളവിൽ കടത്തുന്നതായി എൻ.സി.ബിക്ക് രഹസ്യ വിവരം ലഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും പരിശോധന തുടരും''
അമിത് ഗവാതെ
സോണൽ ഡയറക്ടർ
എൻ.സി.ബി