കോലഞ്ചേരി: എറണാകുളം ജില്ലയിലെ കടയിരുപ്പ് ഗുരുകുലം എൻജിനീയറിംഗ് കോളേജ് വിദ്യാർത്ഥിക്ക് യു.എസിലെ ഒറക്കിൾ സോഫ്റ്റ് വെയർ കമ്പനി പ്രതിവർഷം 35 ലക്ഷം രൂപ ശമ്പളം വാഗ്ദാനം ചെയ്തു. കോളേജിലെ അവസാന വർഷ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ വിദ്യാർത്ഥിയായ അലൻ ബാബുവിനാണ് കമ്പനിയുടെ എൻജിനീയറിംഗ് വിഭാഗത്തിലേക്ക് ക്ഷണം ലഭിച്ചത്. ബിസിനസുകാരനായ ആലുവ സ്വദേശി ബാബു - റീല ദമ്പതികളുടെ മകനാണ്. ഗൂഗിളിലും സിസ്ക്കോയിലും പ്ളേസ്‌മെന്റ് ലഭിച്ചെങ്കിലും ഒറക്കിളാണ് അലൻ തിരഞ്ഞെടുത്തത്. കോളേജിലെ പ്ളേസ്മെന്റ് വിഭാഗത്തിന്റെയും അദ്ധ്യാപകരുടെയും മാനേജ്മെന്റിന്റെയും അകമഴിഞ്ഞ പിന്തുണയാണ് തന്റെ നേട്ടത്തിന് പിന്നിലെന്ന് അലൻ പറയുന്നു. അടുത്ത ഫെബ്രുവരിയിൽ ജോലിയിൽ പ്രവേശിക്കാനാണ് കമ്പനി നിർദ്ദേശിച്ചിരിക്കുന്നത്. ഇതു കൂടാതെ ഇൻഫോസിസ്, ടി.സി.എസ്, വിപ്രൊ, യു.എസ്.ടി ഗ്ളോബൽ, സതർലൻഡ്, പെന്റഗൺ സ്പെയ്സ്, ഓമ്നെക്സ് തുടങ്ങിയ കമ്പനികളിലേക്കും നിരവധി വിദ്യാർത്ഥികൾക്ക് പ്ളേസ്മെന്റ് ഓഫർ ലഭിച്ചിട്ടുണ്ട്.