kse
കെ.എസ്.ഇ.ബി പാലാരിവട്ടം ഓഫീസ്

കൊച്ചി: വിവാദങ്ങൾക്ക് വിരാമം. കെ.എസ്.ഇ.ബിയുടെ ഇടപ്പള്ളി സെക്ഷൻ ഓഫീസ് പാലാരിവട്ടത്തേയ്ക്ക് മാറ്റി പ്രവർത്തനം തുടങ്ങി. കാഷ് കൗണ്ടർ കുറച്ചുദിവസംകൂടി ഇവിടെ തുടരും. പുതിയ ഓഫീസിലേക്ക് ദൂരക്കൂടുതലാണെന്ന ഉപഭോക്താക്കളുടെ പരാതി കണക്കിലെടുത്ത് ബിൽ അടയ്ക്കുന്നതിനായി ഇടപ്പള്ളിയിൽ ബദൽ സംവിധാനം സജ്ജമാക്കി. ഇതിനായി എം.എ.ജെ ആശുപത്രിയോട് ചേർന്ന് പള്ളിയുടെ ഉടമസ്ഥതയിലുള്ള മുറി കെ.എസ്.ഇ.ബി വാടകയ്‌ക്കെടുത്തു. രാവിലെ 9 മുതൽ വൈകിട്ട് 3വരെ ഇവിടെ കറന്റുബിൽ സ്വീകരിക്കും. വാടകക്കരാർ ഒപ്പിട്ടാൽ കാഷ് കൗണ്ടർ അങ്ങോട്ടുമാറ്റും.

കുന്നുംപുറം, ബ്രഹ്മസ്ഥാനം, ടോൾ, ലുലുമാൾ, ഇടപ്പള്ളി, പോണേക്കര, മാക്കാപ്പറമ്പ്, നികർത്തിൽ, പൊറ്റക്കുഴി ഒരു ഭാഗം, താന്നിക്കൽ, പേരണ്ടൂർ, പെരുമ്പോട്ട റോഡ്, ബി.ടി.എസ് റോഡ്, ചങ്ങമ്പുഴ പാർക്ക് തുടങ്ങിയ പ്രദേശങ്ങളാണ് ഇടപ്പള്ളി സെക്ഷൻ ഓഫീസിന്റെ പരിധിയിൽ വരുന്നത്. ദൂരക്കൂടുതൽമൂലം ബിൽ അടയ്ക്കാൻ പ്രയാസമാകും, വൈദ്യുതി തകരാർ പരിഹരിക്കാൻ വൈകും തുടങ്ങിയ കാരണങ്ങളാൽ ഓഫീസ് മാറ്റത്തിനെതിരെ പ്രദേശവാസികൾ രംഗത്തെത്തിയെങ്കിലും കെ.എസ്.ഇ.ബി അയഞ്ഞില്ല. ബദൽ സംവിധാനം ഒരുക്കാമെന്ന് ഉറപ്പുലഭിച്ചതോടെ ജനപ്രതിനിധികളും നിശബ്ദരായി.

 സൗകര്യം പോരാത്തതിനാൽ

ഓഫീസ് മാറ്റം

ഇടപ്പള്ളി സെക്ഷൻ ഓഫീസിന് 35,000 രൂപയായിരുന്നു പ്രതിമാസവാടക. പാർക്കിംഗ് സൗകര്യമില്ല, സാധനങ്ങൾ സൂക്ഷിക്കാൻ ഇടമില്ല, ലൈൻമാൻമാർ ഉൾപ്പെടെയുള്ളവർക്ക് വിശ്രമിക്കാൻ മാർഗമില്ല. കാഷ് കൗണ്ടർ ഒന്നാംനിലയിലായതിനാൽ മുതിർന്ന പൗരൻമാർ വലയുന്നു തുടങ്ങിയ കാരണങ്ങളാലാണ് പാലാരിവട്ടം മെട്രോ സ്റ്റേഷനോട് ചേർന്നുള്ള കെ.എസ്.ഇ.ബിയുടെ പുത്തൻകെട്ടിടത്തിലേക്ക് ഇടപ്പള്ളി സെക്ഷനെ മാറ്റുന്നത്.

 ബാദ്ധ്യതയാകുമോയെന്ന് ഭീതി

കോടികൾ ചെലവഴിച്ച് നിർമ്മിച്ച കെട്ടിടം പാലാരിവട്ടത്തുള്ളപ്പോൾ ഇടപ്പള്ളിയിൽ വാടകയ്ക്ക് മുറിയെടുത്തതിന്റെ പേരിൽ കെ.എസ്.ഇ.ബിയുടെ ഓഡിറ്റ് വിഭാഗം തങ്ങളെ പ്രതികൂട്ടിലാക്കുമോയെന്ന് ഉദ്യോഗസ്ഥർക്ക് ആശങ്കയുണ്ട്. സെക്ഷനിലെ 75 ശതമാനം ഉപഭോക്താക്കളും ഓൺലൈനായാണ് ബില്ലടയ്ക്കുന്നത്. ഏതുസ്ഥലത്തെ ഓഫീസിലും കറന്റു ചാർജ് അടയ്ക്കാനും സൗകര്യമുണ്ട്, 1912 വഴി പരാതികൾക്ക് പരിഹാരം തേടാം. ഈ വസ്തുതകൾ കണക്കിലെടുത്ത് ബദൽ സംവിധാനത്തിനെതിരെ ഓഡിറ്റ് വിഭാഗം വിധിയെഴുതുമോയെന്ന ഭീതിയിലാണ് ഉദ്യോഗസ്ഥർ.

ചേരാനല്ലൂരിലേക്ക് മാറ്റം

തത്കാലമില്ല

കുന്നുംപുറം, അമൃത ആശുപത്രി ഉൾപ്പെടെയുള്ള ഭാഗങ്ങൾ ചേരാനല്ലൂർ ഓഫീസിന്റെ പരിധിയിലേയ്ക്ക് മാറ്റുന്ന കാര്യം എട്ടുവർഷം മുമ്പ് കെ.എസ്.ഇ.ബി പരിഗണിച്ചെങ്കിലും ഒരു വിഭാഗത്തിന്റെ എതിർപ്പ് മൂലം തീരുമാനം മാറ്റുകയായിരുന്നു. സേവനം ലഭ്യമാക്കുന്നതിൽ കോർപ്പറേഷൻ, പഞ്ചായത്ത് വ്യത്യാസങ്ങളില്ലാത്തതിനാൽ അക്കാര്യം പുനപ്പരിശോധിക്കണമെന്ന് ആവശ്യം ഉയർന്നിരുന്നു. എന്നാൽ തത്കാലം അങ്ങനെയൊരു മാറ്റം അജണ്ടയിലില്ലെന്ന് എക്സിക്യൂട്ടീവ് എൻജിനിയർ സുനിത ജോസ് പറഞ്ഞു.