1
പഴയ മാലിന്യ സംഭരണ കേന്ദ്രത്തിന് സമീപത്തുകൂടി ബസ് സ്റ്റാൻഡിലേക്കായി റോഡിന് കണ്ടെത്തിയ സ്ഥലം ആർ.ടി.ഓ പി.എം.ഷെബീർ,നഗരസഭ ചെയർപേഴ്സൻ അജിത തങ്കപ്പൻ,വൈസ്.ചെയർമാൻ എ.എ ഇബ്രാഹംകുട്ടി, കേരള ബസ് ട്രാൻസ്‌പോർട്ട്‌ അസോസിയേഷൻ സംസ്ഥാന ജോ.സെക്രട്ടറി കെ.എ നജീബ് എന്നിവരുടെ നേതൃത്വത്തിൽ പരിശോധിക്കുന്നു

തൃക്കാക്കര: കാക്കനാട് സ്റ്റാൻഡിലേക്ക് കയറാൻ സ്വകാര്യ ബസുകൾക്ക് വഴി ഒരുങ്ങും. നഗരസഭയുടെ പഴയ മാലിന്യ സംഭരണ കേന്ദ്രത്തിന് സമീപത്തുകൂടിയാണ് താത്കാലികമായി പുതിയ വഴി. ആർ.ടി.ഒ പി.എം. ഷെബീർ, നഗരസഭ ചെയർപേഴ്സൻ അജിത തങ്കപ്പൻ, വൈസ്.ചെയർമാൻ എ.എ. ഇബ്രാഹികുട്ടി എന്നിവരുടെ നേതൃത്വത്തിൽ ഇന്നലെ നഗരസഭ ഓഫീസിലെത്തി നടത്തിയ ചർച്ചയിലാണ് തീരുമാനമുണ്ടായത്. അടിയന്തരമായി നിർമ്മാണം പൂർത്തിയാക്കും. ഇതുസംബന്ധിച്ച കേരളകൗമുദി വാർത്തയെത്തുടർന്നാണ് അധികൃതരുടെ അടിയന്തിര ഇടപെടൽ.
ബസ് സ്റ്റാൻഡിലേക്കായി നഗരസഭ നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന വഴി സംഘം പരിശോധന നടത്തിയശേഷം ചെയർപേഴ്സന്റെ കാബിനിലെത്തി ചർച്ച നടത്തുകയായിരുന്നു. ബസ് സ്റ്റാൻഡിലെ അനധികൃത പാർക്കിംഗ് അവസാനിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്ന് ആർ.ടി.ഒ ചെയർപേഴ്സനോട് അഭ്യർത്ഥിച്ചു. നഗരസഭാ മാലിന്യ സംസ്കരണത്തിന് ഉപയോഗിക്കുന്ന വാഹനങ്ങളും ഒട്ടേറെ സ്വകാര്യ വാഹനങ്ങളും ബസ് സ്റ്റാൻഡിൽ നിലവിൽ പാർക്ക് ചെയ്യുന്നുണ്ട്.

കളക്ടറേറ്റ് ഭാഗത്തുനിന്നു വരുന്ന ബസുകൾ സ്റ്റാൻഡിലേക്ക് തിരിഞ്ഞുകയറുന്ന ഭാഗമാണ് നഗരസഭ അടച്ചുപൂട്ടിയിരുന്നത്. ഇവിടം ടൈൽ പാകി നഗരസഭാ വാഹനങ്ങളുടെ പാർക്കിംഗ് കേന്ദ്രവും ടീ സ്റ്റാളും സ്ഥാപിച്ചു. ഇതോടെ ബസുകൾക്കു സ്റ്റാൻഡിലേക്കു കയറാൻ വഴിയില്ലാതായി. ദീർഘസമയം പാർക്കുചെയ്യേണ്ട ബസുകൾ മാത്രം സീപോർട്ട് എയർപോർട്ട് റോഡു വഴി സ്റ്റാൻഡിൽ പ്രവേശിച്ചു പാർക്ക് ചെയ്യുന്നുണ്ട്.

എം.വി.ഐ അരുൺ.ഡി.എ, എ.എം.വി.ഐ മധുസൂദനൻ, കേരള ബസ് ട്രാൻസ്‌പോർട്ട്‌ അസോസിയേഷൻ സംസ്ഥാന ജോ.സെക്രട്ടറി കെ.എ. നജീബ് എന്നിവരും പങ്കെടുത്തു

# റോഡ് സഞ്ചാരയോഗ്യമാക്കണം
ബസ് സ്റ്റാൻഡിലേക്കുളള റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് മോട്ടോർ വാഹനവകുപ്പ് നഗരസഭയ്ക്ക് കത്തുനൽകും.ബസ് സ്റ്റാൻഡിന്റെ അടിസ്ഥാനസൗകര്യം വർദ്ധിപ്പിക്കണം, വൃത്തിയായി സൂക്ഷിക്കണം, നഗരസഭാ മാലിന്യ സംസ്കരണത്തിന് ഉപയോഗിക്കുന്ന വാഹനങ്ങൾ ബസ് സ്റ്റാൻഡിനുള്ളിൽ നിന്ന് മാറ്റണം.സ്വകാര്യ വാഹനങ്ങൾ ബസ് സ്റ്റാൻഡിലെ പാർക്കിങ് ഒഴിവാക്കണം.

പി.എം. ഷെബീർ,

ആർ.ടി.ഒ

# പ്രശ്നങ്ങൾ പരിഹരിക്കും
ബസ് സ്റ്റാൻഡുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കും, നഗരസഭ ബസ് സ്റ്റാൻഡിലെ പ്രശനങ്ങൾക്ക് ശ്വാശ്വത പരിഹാരം മുന്നിൽ കണ്ടുകൊണ്ടാണ് ബസ് ടെർമിനൽ കം ഷോപ്പിംഗ് കോംപ്ലക്സ് പദ്ധതി ആവിഷ്കരിച്ചത്. പദ്ധതിയുടെ രൂപരേഖ തയ്യാറായിക്കഴിഞ്ഞു. ഈ പദ്ധതി വരുന്നതോടെ തൃക്കാക്കരയുടെ മുഖച്ഛായ തന്നെ മാറും.

അജിത തങ്കപ്പൻ,
ചെയർപേഴ്സൻ
തൃക്കാക്കര നഗരസഭ