കൊച്ചി: കൊച്ചി റിഫൈനറിക്ക് സംസ്ഥാനം ഏറ്റെടുത്തു നൽകിയ ഭൂമി ഉൾപ്പെടെ കേന്ദ്ര സർക്കാർ വിൽക്കുന്നതിനെതിരെ സംസ്ഥാന സർക്കാർ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപെട്ട് റിഫൈനറി എംപ്ലോയിസ് യൂണിയൻ ഹൈക്കോടതി ജംഗ്ഷനിൽ നില്പുസമരം സംഘടിപ്പിച്ചു. കെ. ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജനറൽ സെക്രട്ടറി എസ്.കെ. നസീമുദ്ദീൻ, വൈസ് പ്രസിഡന്റ് അനിൽ കെ. നായർ, ജോയിന്റ് സെക്രട്ടറിമാരായ സോയി കെ.ജെ., ജോമെറ്റ് കെ. ജോയ്, ട്രഷറർ ഷൈബു കുര്യാക്കോസ് തുടങ്ങിയവർ നേതൃത്വം നൽകി.
ബി.പി.സി.എൽ സ്വകാര്യവത്കരിക്കുന്ന നടപടി കേന്ദ്രം തുടരുകയാണ്. കൊച്ചിയിൽ കപ്പൽ നിർമ്മാണശാലയ്ക്ക് സ്ഥലം ഏറ്റെടുത്തുനൽകിയപ്പോൾ സ്വീകരിച്ച അതേമാനദണ്ഡം പാലിച്ചാണ് പൊതുമേഖല സ്ഥാപനമെന്ന നിലയിൽ റിഫൈനറി വികസനത്തിന് ആവശ്യമായ സ്ഥലം സംസ്ഥാനസർക്കാർ നൽകിയത്. ബി.പി.സി.എൽ പൊതുമേഖയിൽ നിലനിറുത്തേണ്ടത് ജീവനക്കാരെക്കാൾ സംസ്ഥാനത്തിന്റെയും പൊതുജനങ്ങളുടെയും ആവശ്യമാണ്. കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തി സ്ഥലംനിലനിറുത്തണമെന്നും ആവശ്യപ്പെട്ടായിരുന്നു നില്പുസമരം.