കൊച്ചി: ആലുവയിൽ നടന്ന 'വരപ്പൂട്ട്' കാർട്ടൂൺ ക്യാമ്പിൽ നടന്ന യൂത്ത് കോൺഗ്രസ് അതിക്രമത്തിൽ കാർട്ടൂൺ അക്കാഡമി പ്രതിഷേധിച്ചു. കൊവിഡിന്റെ തുടക്കം മുതൽ പ്രതിരോധ പ്രവർത്തനത്തിലുള്ള കാർട്ടൂണിസ്റ്റുകൾക്ക് സുരക്ഷ ഒരുക്കണമെന്ന് സംസ്ഥാന സർക്കാരിനോട് അക്കാഡമി ചെയർമാൻ കെ. ഉണ്ണികൃഷ്ണൻ, സെക്രട്ടറി അനൂപ് രാധാകൃഷ്ണൻ, ക്യാമ്പ് കോ ഓഡിറേറ്റർ സുധീർനാഥ് എന്നിവർ അഭ്യർത്ഥിച്ചു. 14 ജില്ലകളിലും സംസ്ഥാന സാമൂഹ്യ സുരക്ഷാ മിഷനുമായി ചേർന്ന് അക്കാഡമി കൊവിഡ് പ്രതിരോധത്തിനായി കാർട്ടൂൺ വരയുമായി രംഗത്തുണ്ട്. അന്തരിച്ച കാർട്ടൂണിസ്റ്റ് ഇബ്രാഹിം ബാദുഷയെ ആദരിച്ചില്ലെന്ന് ആരോപിച്ചാണ് യൂത്ത് കോൺഗ്രസുകാർ പരിപാടി അലങ്കോലപ്പെടുത്തിയതെന്ന് ഭാരവാഹികൾ പറഞ്ഞു.