കൊച്ചി: കൊച്ചിൻ കാൻസർ സെന്റർ നിർമ്മാണത്തിനുള്ള പുതിയ ടെണ്ടർ നടപടികൾ തുടരാമെന്നും അപ്പീൽ തീർപ്പാകും വരെ കരാർ അന്തിമമാക്കരുതെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. കാൻസർ സെന്ററിന്റെ നിർമ്മാണത്തിൽ നിന്ന് തങ്ങളെ ഒഴിവാക്കിയതിനെതിരെ നൽകിയ ഹർജി തള്ളിയതു ചോദ്യം ചെയ്ത് കരാർ കമ്പനിയായ പി ആൻഡ് സി പ്രൊജക്‌ട്സ് പ്രൈവറ്റ് ലിമിറ്റഡ് നൽകിയ അപ്പീലിലാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് അനുശിവരാമൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ നിർദ്ദേശം.
കാൻസർ സെന്ററിന്റെ നിർമ്മാണച്ചുമതലയുള്ള ഇൻകെൽ അധികൃതർ ജനുവരി 18 നാണ് പണി നിറുത്തി ഒഴിഞ്ഞു പോകാൻ കരാർ കമ്പനിക്ക് നോട്ടീസ് നൽകിയത്. 2020 ജൂലായ് 23നു പണി പൂർത്തിയാക്കണമെന്ന കരാർ പാലിക്കാൻ കമ്പനിക്ക് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നോട്ടീസ്. ഇതിനെതിരെ കമ്പനി നൽകിയ ഹർജി ഏപ്രിൽ 26 ന് ഹൈക്കോടതി സിംഗിൾബെഞ്ച് തള്ളി. തുടർന്നാണ് അപ്പീൽ നൽകിയത്.
87.14 കോടി രൂപയ്ക്കാണ് നിർമ്മാണ കരാർ നൽകിയത്. പ്രളയവും കൊവിഡും നിർമ്മാണ പ്രവർത്തനങ്ങൾ വൈകാൻ കാരണമായെന്നും കൃത്യമായി ഫണ്ട് ലഭിക്കാതെ വന്നത് പണി പൂർത്തിയാക്കുന്നതിനെ ബാധിച്ചെന്നും കമ്പനി വാദിക്കുന്നു. എന്നാൽ പ്രതികൂല കാലാവസ്ഥയും സാഹചര്യങ്ങളും കണക്കിലെടുത്ത് കമ്പനിക്ക് സമയം നീട്ടി നൽകിയിരുന്നെന്നും നിർമ്മാണം നടക്കുന്നതിനിടെ കെട്ടിടത്തിന്റെ ഒരുഭാഗം ഇടിഞ്ഞു വീണത് ഗുണമേന്മയില്ലാത്തതിന്റെ തെളിവാണെന്നും ഇൻകെൽ ഉൾപ്പെടെ സിംഗിൾബെഞ്ചിൽ വാദിച്ചിരുന്നു. തുടർന്നാണ് ഹർജി തള്ളിയത്. എന്നാൽ കമ്പനിയുടെ വാദങ്ങൾ കൃത്യമായി പരിഗണിച്ചില്ലെന്നും സമയബന്ധിതമായി കാൻസർ സെന്റർ നിർമ്മാണം പൂർത്തിയാക്കാൻ കഴിയുമെന്നും വ്യക്തമാക്കിയാണ് അപ്പീൽ നൽകിയിട്ടുള്ളത്.