കൊച്ചി: ഭരണകൂട ഭീകരത കൊലപ്പെടുത്തിയ വ്യക്തിയാണ് ഫാദർ സ്റ്റാൻ സ്വാമിയെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞു. ഈശോസഭാ വൈദികൻ ഫാ. സ്റ്റാൻ സ്വാമിയുടെ ചിതാഭസ്മം കലൂരിൽ എത്തിച്ചപ്പോൾ സ്മരണാഞ്ജലി അർപ്പിക്കുകയായിരുന്നു അദ്ദേഹം.
ഭരണകൂടം ഭീകരത കാണിക്കുമ്പോൾ അവസാന അത്താണി ആവേണ്ടത് നീതിപീഠമാണ്. എന്നാൽ സ്റ്റാൻ സ്വാമിയുടെ കാര്യത്തിൽ അതും ഉണ്ടായില്ലെന്ന് സതീശൻ പറഞ്ഞു.
അനീതിക്കെതിരെ പോരാടിയ ഫാ. സ്റ്റാൻ സ്വാമിയുടെ മരണത്തിൽ അനേകായിരങ്ങൾ ദു:ഖിതരാണെന്ന് സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി അനുസ്മരിച്ചു. എറണാകുളം അങ്കമാലി അതിരൂപത മെത്രാപ്പോലീത്തൻ വികാരി ആർച്ച്ബിഷപ് മാർ ആന്റണി കരിയിൽ, മേയർ എം .അനിൽകുമാർ, എം.എൽ.എമാരായ കെ.ബാബു, പി.ടി. തോമസ്, ടി.ജെ. വിനോദ്, ജസ്റ്റിസ് ഏബ്രഹാം മാത്യു, എൻ.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ, കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി.സി തോമസ്, കെ.സി.ബി.സി ഡെപ്യൂട്ടി സെക്രട്ടറി ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി, മുൻ എം.എൽ.എ ഡൊമിനിക് പ്രസന്റേഷൻ, ഷാജി ജോർജ് പ്രണത, അഡ്വ. എം. ജയശങ്കർ തുടങ്ങി സാമൂഹ്യ, സാംസ്‌കാരിക, മത നേതാക്കളും പൊതുജനങ്ങളും സ്മരണാഞ്ജലിയർപ്പിക്കാനെത്തി.
കോഴിക്കോട് നിന്നെത്തിച്ച ചിതാഭസ്മം ലൂമെൻ ജ്യോതിസ് സുപ്പീരിയർ ഫാ. ദേവസി പോൾ, ഫാ. ബിനോയ് പിച്ചളക്കാട്ട് എന്നിവർ ചേർന്നു സ്വീകരിച്ചു. ഇന്നു തിരുവനന്തപുരത്തു പൊതുദർശനത്തിനുശേഷം നാഗർകോവിലിലേക്കു കൊണ്ടുപോകും.