ആലുവ: നഗരത്തിൽ ചട്ടം ലംഘിച്ച് മതിലിനോട് ചേർന്ന് മണ്ണെടുത്തതിനെ തുടർന്ന് സമീപത്തെ ഗോഡൗൺ കെട്ടിടം ഭാഗികമായി തകർന്നു. ആലുവ ഫയർസ്റ്റേഷന് പിൻവശം ഉറുമ്പത്ത് മാത്യുവിന്റെ ഷീറ്റ് മേഞ്ഞ ഗോഡൗൺ കെട്ടിടമാണ് ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെ തകർന്നത്. ആളപായമില്ല.
നേരത്തെ സിമന്റ് ഗോഡൗണായി ഉപയോഗിച്ചിരുന്ന കെട്ടിടത്തിൽ ഇപ്പോൾ വാട്ടർ പ്രൂഫ് പൗഡറും ലോറികളുടെ സ്പെയർ പാർട്ട്സുകളുമാണ്. കെട്ടിടത്തിന്റെ ഒരു ഭാഗത്തെ ഭിത്തി ഉൾപ്പെടെ പൂർണമായി ഇടിയുകയായിരുന്നു. സമീപം ഒരു ഏക്കറോളം സ്ഥലത്തുനിന്നും 15 മീറ്ററോളം കുഴിച്ച് മണ്ണെടുത്ത് നീക്കിയിരുന്നു. മതിലിനോടുട് ചേർത്തുവരെ മണ്ണ് നീക്കി. തുടർന്ന് പലപ്പോഴായി കോൺക്രീറ്റ് നിറച്ച സംരക്ഷണഭിത്തി നിർമ്മിച്ചെങ്കിലും പലവട്ടം ഇളകിപ്പോന്നു. കഴിഞ്ഞ ഫെബ്രുവരിയിലും സംരക്ഷണഭിത്തി ഇടിഞ്ഞ സംഭവമുണ്ടായി. ഒടുവിൽ കഴിഞ്ഞ വ്യാഴാഴ്ചയും ഭിത്തിയിടിഞ്ഞു. ഇതേതുടർന്ന് അറ്റകുറ്റപ്പണി നടക്കുന്നതിനിടെയാണ് അടുത്ത ഇടിച്ചിലുണ്ടായത്.
ഭിത്തിയും മണ്ണും ഇടിഞ്ഞതോടെ 70 വർഷത്തോളം പഴക്കമുള്ള കെട്ടിടത്തിന്റെ ഭിത്തി ഉൾപ്പെടെ നിലം പൊത്തുകയായിരുന്നു. ഉളിയന്നൂർ സ്വദേശിയുടെ കൈവശമാണ് മണ്ണെടുത്ത ഭൂമി ഇപ്പോഴുള്ളത്.