മൂവാറ്റുപുഴ: ആയവന രാജീവ്‌ ഗാന്ധി സ്റ്റഡി സെന്ററിന്റെ അഭിമുഖ്യത്തിൽ ആയവന പഞ്ചായത്തിലെ ഓൺലൈൻ ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്ക് ആവശ്യമായ മൊബൈൽ ഫോൺ സൗജന്യമായി വിതരണം ചെയ്തു. ആയവന മംഗലശ്ശേരി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ 28 മൊബൈലുകൾ ഡീൻ കുര്യാക്കോസ് എം.പി വിതരണം ചെയ്തു. ഇതോടൊപ്പം കൊവിഡ് പോരാളികളെ ആദരിച്ചു. ചടങ്ങ് മാത്യു കുഴൽനാടൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു . രോഗികളെ ആശുപത്രിയിൽ എത്തിക്കാൻ ഉപയോഗിച്ച വാഹന ഡ്രൈവർമാരായ പി.എച്ച്. ശിഹാബ്, സി.ഐ. ഫൈസൽ എന്നിവരെ എം.എ.എ മൊമെന്റോ നൽകി ആദരിച്ചു.യോഗത്തിൽ കെ.പി.സി.സി സെക്രട്ടറി അഡ്വ.കെ.എം. സലിം മുഖ്യ പ്രഭാഷണം നടത്തി. രാജീവ്‌ ഗാന്ധി സ്റ്റഡി സെന്റർ ചെയർമാൻ സുഭാഷ് കടക്കോട്ട് അദ്ധ്യക്ഷത വഹിച്ചു . കേരള കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി വിൻസെന്റ് ജോസഫ് , യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ. ആബിദാലി, മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ മേഴ്‌സി ജോർജ് , യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ്‌ സമീർ കോണിക്കൽ തുടങ്ങിയവർ സംസാരിച്ചു.