prasanna
ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലിക്ക് വേണ്ടി ലുലു ഗ്രൂപ്പ് മീഡിയ കോഓർഡിനേറ്റർ എൻ.ബി സ്വരാജ് പ്രസന്നയുടെ വാടക കുടിശികയുടെ ചെക്ക് ജി.സി.ഡി.എ ചെയർമാൻ വി. സലീമിന് കൈമാറുന്നു.

കൊച്ചി: വാടക കുടിശികയുടെ പേരിൽ കട ഒഴിപ്പിച്ചതിനെ തുടർന്ന് പ്രതിസന്ധിയിലായ പ്രസന്നയുടെ ജീവിതത്തിൽ വീണ്ടും പുതുവെളിച്ചം. മറൈൻഡ്രൈവ് വാക്ക്‌വേയിലെ ജി.സി.ഡി.എയുടെ കടമുറിയിൽ ഇന്നലെ പ്രസന്ന കച്ചവടം പുനരാരംഭിച്ചത് നിറകണ്ണുകളോടെയാണ്.

ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി നൽകിയ വാടക കുടിശികയായ 6,32,462 രൂപയുടെയും ഒരു വർഷത്തേക്കുള്ള മുൻകൂർ വാടകയുടെയും ചെക്കുകൾ ഇന്നലെ ജി.സി.ഡി.എ ചെയർമാൻ അഡ്വ.വി.സലീമിന് ലുലു ഗ്രൂപ്പ് മീഡിയ കോഓർഡിനേറ്റർ എൻ.ബി സ്വരാജ് കൈമാറി.

കട ഒഴിപ്പിച്ചതിനെ തുടർന്ന് നാലുദിവസമായി കടയ്ക്ക് സമീപം തന്നെ താമസിക്കുകയായിരുന്നു പ്രസന്ന.

വാടക കുടിശികയായ എട്ടരലക്ഷത്തിൽ നിന്ന് രണ്ടരലക്ഷത്തോളം രൂപ ജി.സി.ഡി.എ ഇളവു ചെയ്തിരുന്നു. കട തുറക്കാനുള്ള ജി.സി.ഡി.എയുടെ അനുമതിപത്രവും താക്കോലും വി.സലീം കൈമാറി. തുടർന്ന് മറൈൻഡ്രൈവിൽ എത്തി പ്രസന്നയും വി.സലീമും ചേർന്ന് കട തുറന്നു. കടയിലേക്ക് സാധനങ്ങൾ വാങ്ങാൻ എം.എ.യൂസഫലി അനുവദിച്ച രണ്ട് ലക്ഷം രൂപയും എൻ.ബി.സ്വരാജ് ഇവിടെ വച്ച് കൈമാറി.
സന്തോഷം പങ്കിടാൻ എത്തിയവരെ പ്രസന്ന മധുരം നൽകി സ്വീകരിച്ചു. മാനസി​ക വെല്ലുവി​ളി​ നേരി​ടുന്ന മകളും അപകടത്തെ തുടർന്ന് കി​ടപ്പി​ലായ മകളും ഉൾപ്പെടുന്ന കുടുംബത്തി​ന്റെ ഏക ആശ്രയമായി​രുന്നു മറൈൻഡ്രൈവി​ലെ പ്രസന്നയുടെ കട.