തോപ്പുംപടി: സോഫ്റ്റ് വെയറിലെ അപാകത മൂലം സർട്ടിഫിക്കറ്റിനായി വിദ്യാർത്ഥികൾ വലയുന്നു. സർക്കാർ ഉത്തരവിന് വിപരീതമായി റവന്യൂ വകുപ്പ് വില്ലേജ് ഓഫീസർമാർക്ക് നൽകിയ സോഫ്റ്റ് വെയറിൽ വന്ന സാങ്കേതികപ്പിഴവാണ് ആംഗ്ലോ ഇന്ത്യൻ സമുദായത്തിലെ വിദ്യാർത്ഥികളെ വലക്കുന്നത്. പ്രവേശന പരീക്ഷയ്ക്കും മറ്റ് ആവശ്യങ്ങൾക്കുമായി നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് തേടി വിദ്യാർത്ഥികൾ വില്ലേജാഫീസുകൾ കയറിയിറങ്ങുകയാണ്. നേരത്തെ ലത്തീൻ കത്തോലിക്കർക്ക് രണ്ട് ശതമാനവും ആംഗ്ലോ ഇന്ത്യന് ഒരു ശതമാനവും ആയിരുന്നു സംവരണം.എന്നാൽ ഇപ്പോൾ ഇത് രണ്ടുംകൂടി ഒന്നാക്കിയതാണ് സോഫ്റ്റ് വെയറിൽ പൊല്ലാപ്പ് സൃഷ്ടിക്കുന്നത്. എന്നാൽ തങ്ങൾക്ക് ലഭിച്ച സോഫ്റ്റ് വെയറിന്റെ അടിസ്ഥാനത്തിൽ മാത്രമേ സർട്ടിഫിക്കറ്റ് നൽകാൻ കഴിയൂ എന്ന നിലപാടാണ് വില്ലേജ് ഓഫീസർമാർ സ്വീകരിക്കുന്നത്. എന്നാൽ കൊച്ചി താലൂക്കിൽ ആശയക്കുഴപ്പം ഉണ്ടെങ്കിലും തഹസിൽദാരുടെ ഉത്തരവ് പ്രകാരം അധികാരികൾ ഓൺലൈൻ സർട്ടിഫിക്കറ്റ് നൽകാതെ സർക്കാർ ഉത്തരവ് ആധാരമാക്കി സർട്ടിഫിക്കറ്റ് മാനുവലായി നൽകുകയാണ്. ഇതു സംബന്ധിച്ച് മുൻ എം.പി. ചാൾസ് ഡയസ് അധികാരികൾക്ക് പരാതി നൽകി.