കൊച്ചി: കൊച്ചി വാട്ടർ മെട്രോയുടെ ആദ്യഘട്ടത്തിന്റെ ഭാഗമായ വൈപ്പിൻ ടെർമിനലിന്റെ നിർമ്മാണം ട്രേഡ് യൂണിയനുകൾ തടസപ്പെടുത്തുന്നില്ലെന്ന് ഉറപ്പാക്കാൻ പൊലീസ് സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. വിവിധ ട്രേഡ് യൂണിയൻ പ്രവർത്തകർ നിർമ്മാണം തടസപ്പെടുത്തുന്നതായി ആരോപിച്ച് കരാർ കമ്പനി നൽകിയ ഹർജിയിൽ ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്‌ണന്റേതാണ് ഉത്തരവ്.
വാട്ടർ മെട്രോയുടെ വൈപ്പിൻ, ബോൾഗാട്ടി, ഹൈക്കോർട്ട്, മട്ടാഞ്ചേരി, ഫോർട്ട് കൊച്ചി ടെർമിനലുകളുടെ നിർമ്മാണം മൂവാറ്റുപുഴയിലെ മേരിമാത ഇൻഫ്രാസ്ട്രക്‌ചർ കമ്പനിയാണ് കരാറെടുത്തത്. വൈപ്പിൻ ടെർമിനലിന്റെ നിർമ്മാണം സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി യൂണിയനുകളുടെ നേതൃത്വത്തിൽ തടസപ്പെടുത്തിയെന്നാണ് പരാതി. ജനുവരി 27 ന് ഹർജി പരിഗണിച്ച ഹൈക്കോടതി സംരക്ഷണം നൽകാൻ മുളവുകാട് പൊലീസിന് ഇടക്കാല ഉത്തരവു നൽകിയിരുന്നു. ഇതു തുടരാനാണ് ഇപ്പോഴത്തെ ഉത്തരവ്.
തൊഴിൽ തർക്കത്തെത്തുടർന്ന് പരാതി നൽകിയെങ്കിലും കമ്പനി ചർച്ചയ്ക്ക് തയ്യാറാവുന്നില്ലെന്നായിരുന്ന ട്രേഡ് യൂണിയനുകളുടെ വാദം. ടെർമിനൽ നിർമ്മാണം ഉപകരാർ നൽകിയതാണെന്നും ഹർജിക്കാർക്ക് നിർമ്മാണ പ്രവർത്തനവുമായി ബന്ധമില്ലെന്നും യൂണിയനുകൾ വാദിച്ചു. എന്നാൽ നിർമ്മാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കേണ്ടതുണ്ടെന്നും കഴിഞ്ഞ ജൂൺ 29നു നാലു മാസം കൂടി സമയം നീട്ടി നൽകിയിട്ടുണ്ടെന്നും കൊച്ചി മെട്രോ അധികൃതർ വിശദീകരിച്ചു. തുടർന്നാണ് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ മുളവുകാട് പൊലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി ഉത്തരവിട്ടത്.