കോലഞ്ചേരി: ഡ്രൈവിംഗ് ടെസ്റ്റിനായി സ്ളോട്ട് ബുക്ക് ചെയ്ത് കാത്തിരുന്നവർക്ക് ലോക്ക് ഡൗൺ പണി കൊടുത്തു. ടെസ്റ്റ് പുനരാരംഭിക്കാനിരിക്കെ നേരത്തെ ബുക്ക് ചെയ്ത് കാത്തിരുന്നവർ വീണ്ടും സ്ളോട്ട് ബുക്ക് ചെയ്യണമെന്ന് മോട്ടോർ വാഹന വകുപ്പിന്റെ നിർദ്ദേശം. ഇന്നു മുതലാണ് സ്ളോട്ട് ബുക്കിംഗ് തുടങ്ങേണ്ടത്. ലോക്ക് ഡൗൺ സമയത്ത് ലേണേഴ്സ് കാലാവധി കഴിഞ്ഞവർക്ക് മാത്രം മുൻഗണന നൽകുന്നുണ്ട്. രണ്ടര മാസത്തിനു ശേഷമാണ് ഡ്രൈവിംഗ് ടെസ്റ്റ് പുനരാരംഭിക്കുന്നത്. നേരത്തേ ബുക്ക് ചെയ്ത് ടെസ്റ്റിനുള്ള അവസരം നഷ്ടമായവർക്ക് മുൻഗണന നൽകാതെ എല്ലാവരും പുതിയ സമയം തിരഞ്ഞെടുക്കണമെന്നാണ് നിർദേശം.ഇതോടെ ജോലിയുടെ ഭാഗമായി വാഹനം വാങ്ങി കൊവിഡ് കാലത്ത് ഉപജീവനം കണ്ടെത്താൻ ലൈസൻസ് എടുക്കാൻ കാത്തിരിക്കുന്നവർ ഗതികേടിലാണ്. ലോക്ക് ഡൗൺ മൂലം ടെസ്റ്റ് നടക്കാത്തവർ ഉൾപ്പെടെ എല്ലാവരും പുതിയ സ്ലോട്ട് ബുക്ക് ചെയ്യണമെന്നാണ് ഉത്തരവ്. മിക്കവരും ഫെബ്രുവരിയിൽ തന്നെ ജൂൺ 30 വരെയുള്ള സ്ലോട്ട് ബുക്ക് ചെയ്തിരുന്നു. കൊവിഡ് നിയന്ത്രണങ്ങൾ മൂലം ഇവർക്കാർക്കും ലഭ്യമായ തീയതികളിൽ ടെസ്റ്റ് നടന്നില്ല. നേരത്തെ ഒരു ദിവസം 60 പേരെ ടെസ്റ്റ് ചെയ്തിരുന്ന സ്ഥാനത്ത് കൊവിഡ് മാനദണ്ഡമനുസരിച്ച് 45 പേർക്കാണ് അവസരം. ഇത് വീണ്ടും ആവശ്യക്കാരെ ബുദ്ധിമുട്ടിലാക്കും. ഡ്രൈവിംഗ് ടെസ്റ്റിന് മുന്നോടിയായുള്ള ലേണേഴ്‌സ് ലൈസൻസ് ടെസ്റ്റ് ഓൺലൈനായി മുടക്കമില്ലാതെ നടന്നതോടെ ആയിരണക്കണക്കിന് ആളുകളാണ് സ്ലോട്ട് ബുക്ക് ചെയ്യാൻ പോർട്ടലിൽ തള്ളിക്കയറുന്നത്.
ലേണേഴ്‌സ് എടുത്ത് ടെസ്റ്റ് എടുക്കുന്നതിനുള്ള പരമാവധി ഇടവേള ആറു മാസമാണ്. ആദ്യ ലോക്ക് ഡൗണിനു ശേഷം ഇതു നീട്ടി നൽകിയിരുന്നെങ്കിലും രണ്ടാം ലോക്ഡൗണിനു ശേഷം ഇതു സംബന്ധിച്ച് നിർദേശങ്ങളൊന്നുമില്ലാത്തതാണ് ഡ്രൈവിംഗ് സ്കൂളുകളെ ആശങ്കയിലാക്കുന്നത്.
വീണ്ടും സ്ളോട്ട് ബുക്ക് ചെയ്യണം
22 മുതലാണ് ടെസ്റ്റ് പുനരാരേഭിക്കുന്നത്. ഇതിനായി പരിവാഹൻ പോർട്ടലിൽ നേരിട്ടോ എം.വി.ഡി പോർട്ടൽ വഴിയോ സ്ലോട്ടുകൾ ബുക്ക് ചെയ്യണം. 40 ദിവസത്തേക്കുള്ള സ്ലോട്ടുകളാണ് ആദ്യം അനുവദിക്കുക. സാങ്കേതിക ജ്ഞാനമില്ലാത്തവരും ഇന്റർനെറ്റ് സേവനങ്ങളിൽ പ്രശ്‌നം നേരിടുന്നവരും വീണ്ടും പിന്നിലാവുകയും ചെയ്യും. അപേക്ഷകർക്കു പരിശീലനം നൽകി ലേണേഴ്‌സ് ലൈസൻസ് എടുപ്പിച്ച ഡ്രൈവിംഗ് സ്‌കൂളുകളും ആശങ്കയിലാണ്.