മൂവാറ്റുപുഴ: കൊവിഡ് പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരും കുടുംബശ്രീ മിഷനും സംയുക്തമായി നടപ്പാക്കിയ മുഖ്യമന്ത്രിയുടെ സഹായഹസ്തം വായ്പ പദ്ധതിയുടെ മൂവാറ്റുപുഴ നഗരസഭ തല പലിശ സബ്സിഡി വിതരണം നഗരസഭ ചെയർമാൻ പി.പി.എൽദോസ് ഉദ്ഘാടനം ചെയ്തു. നഗരസഭയിലെ വിവിധ കുടുംബശ്രീ യൂണിറ്റുകൾക്കായി 1,63,80,400 രൂപയാണ് വിവിധ ബാങ്കുകൾ വഴി പലിശരഹിത വായ്പ ലഭ്യമാക്കിയത്. ഈ യൂണിറ്റുകൾക്ക് അനുവദിച്ചിട്ടുള്ള ഒന്നാംഘട്ട പലിശ സബ്സിഡി തുകയായ 13,29,207 രൂപയാണ് വിതരണം ചെയ്തത്. യോഗത്തിൽ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപഴ്സൺ രാജശ്രീ രാജു അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപഴ്സൺ നിസ അഷ്റഫ്, കൗൺസിലർമാരായ നെജില ഷാജി, ബിന്ദു ജയൻ, വി.എ. ജാഫർ സാദിഖ്, സുധ രഘുനാഥ്, സി.ഡി.എസ്. ചെയർപഴ്സൺ മേരി പോൾ എന്നിവർ പ്രസംഗിച്ചു.