pic

കോതമംഗലം: തൃശൂർ ജില്ലയിലെ മലക്കപ്പാറ അറാക്കാപ്പ് ആദിവാസി കോളനിയിൽ നിന്ന് പലായനം ചെയ്ത് ഇടമലയാറിൽ എത്തിയ കാടിന്റെ മക്കളുടെ ദുരിതം സമാനതകളില്ലാത്തതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. മണ്ണിടിച്ചിലും വന്യജീവി ശല്യവും മൂലം കാടിറങ്ങി വന്ന അറാക്കാപ്പ് ഊരിലെ ആദിവാസികൾ താമസിക്കുന്ന ഇടമലയാർ ട്രൈബൽ ഹോസ്റ്റൽ സന്ദർശിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. ആദിവാസികളുടെ പ്രശ്നം നിയമസഭയിൽ ഉന്നയിക്കുമെന്നും അദേഹം കൂട്ടിച്ചേർത്തു.മണ്ണിടിച്ചിലും വന്യമൃഗശല്യവുമാണ് ഊര് ഉപേക്ഷിക്കാൻ ഇവരെ നിർബന്ധിതരാക്കിയത്. സർക്കാർ പതിച്ചു നൽകിയ ഭൂമിയും കൃഷിയും ഉപേക്ഷിച്ചു പ്രാണനുമായി ഓടി പോന്നവരാണവർ. 2018 ലെ പ്രളയം മുതൽ അരേക്കാപ്പ് ആദിവാസി ഊരിന്റെ നിലനിൽപ്പ് തന്നെ ഭീഷണിയിലായി. ഉരുൾപൊട്ടലും മണ്ണ് ഇടിച്ചിലും നിത്യസംഭവമായി. ഭൂമിയും വിളകളും വെള്ളപ്പാച്ചിലിൽ വ്യാപകമായി ഒലിച്ചു പോയി. ഒപ്പം കാട്ടുമൃഗങ്ങളുടെ ശല്യവും വർദ്ധിച്ചു. കാമ്പിൽ കഴിയുന്ന പാട്ടിയമ്മയുടെ കൺമുന്നിൽ നിന്നാണ് വളർത്തു നായയെ പുലി പിടിച്ചു കൊണ്ടുപോയത്. കൃഷി ചെയ്യാൻ കഴിയുന്നില്ലെന്നു മാത്രമല്ല ജീവന്റെ നിലനിൽപ്പു പോലും അപകടത്തിലായതോടെയാണ് കാടിന്റെ മക്കൾ മലയിറങ്ങിയത്. ഇവരെ എവിടെയെങ്കിലും താമസിപ്പിച്ചാൽ മതിയാവില്ല. വന വിഭവങ്ങൾ ശേഖരിക്കാനും കൃഷി ചെയ്യാനും കഴിയുന്ന സ്ഥലത്തേക്ക് വേണം മാറ്റി പാർപ്പിക്കാനെന്ന് വി. ഡി സതീശൻ ആവശ്യപ്പെട്ടു. ഇവരുടെ കുട്ടികൾക്ക് ഓൺലൈൻ പഠന സൗകര്യം ഒരുക്കണമെന്നും അദ്ദേഹം പറഞ്ഞു.

യു.ഡി.എഫ് നേതാക്കളായ ഷിബു തെക്കുംപുറം, കെ.പി. ബാബു, മുൻ മന്ത്രി ടി.യു.കുരുവിള, പി.പി.ഉതുപ്പാൻ, എ.ജി.ജോർജ്, കോതമംഗലം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് പി.എ.എം. ബഷീർ, എബി. എബ്രാഹാം, എം.എസ്. എൽദോസ്, പി.കെ.മൊയ്ദു, എ.ടി. പൗലോസ്, കാന്തി വെള്ളക്കയ്യൻ, ജെസി സാജു, അബു മൊയ്തീൻ, സി.കെ. സത്യൻ, ജോമി തെക്കേക്കര തുടങ്ങിയവരും ഒപ്പം ഉണ്ടായിരുന്നു.

കാട്ടാന ശല്ല്യം രൂക്ഷമായ കോട്ടപ്പടി പ്രദേശങ്ങളും സന്ദർശിച്ചു

കാട്ടാന ശല്ല്യം രൂക്ഷമായ കോട്ടപ്പടി പഞ്ചായത്തിലെ വടക്കുംഭാഗം, വാവേലി പ്രദേശങ്ങളും പ്രതിപക്ഷ നേതാവ് സന്ദർശിച്ചു. കോതമംഗലം താലൂക്കിലെ പിണ്ടിമന, കുട്ടമ്പുഴ, കവളങ്ങാട്, കീരമ്പാറ, കോട്ടപ്പടി പഞ്ചായത്തുകളിലെ കർഷകർക്കാണ് കാട്ടാന ഭീഷണിയാകുന്നത്.രാത്രിയോ പകലോ എന്ന വ്യത്യാസമില്ലാതെയാണ് കാട്ടാനകൾ കൂട്ടമായെത്തി കൃഷി നശിപ്പിക്കുന്നത്. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് ഇത് മൂലം സംഭവിക്കുന്നത്. 50 ലക്ഷം രൂപ നേരത്തെ നഷ്ടപരിഹാരമായി അനുവദിച്ചെങ്കിലും തുക ഇതുവരെ തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്ന് കർഷകർ പ്രതിപക്ഷ നേതാവിനോട് പരാതിപ്പെട്ടു.