മുവാറ്റുപുഴ: നഗരസഭ പതിനാലാം വാർഡ് ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ വാർഡിൽ നടപ്പാക്കുന്ന സേവനപ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഡോ. മാത്യു കുഴൽനാടൻ എം.എൽ.എ നിർവഹിച്ചു. സി.എം.ഐ ആശ്രമം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കൗൺസിലർ ജോയ്‌സ് മേരി ആന്റണി അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ പി.പി. എൽദോസ്, ഹിപ്‌സൺ എബ്രഹാം, ഫാ. ബിജു കൂറ്റപ്ലാക്കൽ, അഡ്വ. എൻ. രമേശ്, ചെറിയാൻ മതേക്കൽ, സജി ചാത്തങ്കണ്ടം എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോണിനോടൊപ്പം കുടയും ബുക്കുകളും പഠനോപകരണങ്ങളും അടങ്ങിയ കിറ്റുകളാണ് വിതരണംചെയ്തത്. ജൈവമാലിന്യങ്ങളെ ഉറവിടത്തിൽ തന്നെ സംസ്‌കരിക്കുക എന്ന ലക്ഷ്യത്തോടെ കമ്പോസ്റ്റ് പൈപ്പുകളും വിതരണംചെയ്തു.
എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് വാർഡിന്റെ സ്‌നേഹോപഹാരമായി മൊബൈൽഫോൺ നൽകി ആദരിച്ചു. ശാരീരിക അവശതകളെ വെല്ലുവിളിച്ച് ചിത്രകലയിൽ അത്ഭുതങ്ങൾ സൃഷ്ടിക്കുന്ന കൊച്ചുകലാകാരി ചിപ്പി മരിയരാജുവിന് വാർഡിന്റെ സ്‌നേഹസമ്മാനമായി ചിത്രരചനാസാമഗ്രികൾ നൽകി. കൊവിഡ് വ്യാപനത്തിലും വാർഡിൽ സേവനപ്രവർത്തനങ്ങൾ നടത്തിയ ആശാ വർക്കർ ഷീബ ഹരീഷിനെ ആദരിച്ചു. കൗൺസിലർ ജോയ്‌സ് മേരി ആന്റണിയുടെ നേതൃത്വത്തിൽ നടത്തിയ നമ്മുടെ വാർഡ് നന്മ ബിരിയാണി പദ്ധതിയിലൂടെ സമാഹരിച്ച തുകയോടൊപ്പം എം. എൽ. എയുടെ ഡിജിറ്റൽ മുവാറ്റുപുഴ പദ്ധതിയിലെ തുകകൂടി ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കിയത്.